പുതിയ റബർ ബില്ലിൽ റബറിന്റെ താങ്ങുവില ഉറപ്പാക്കണമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്‌ചയിൽ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. കേരളത്തിൽ നടപ്പിലാക്കുന്ന റബർ പ്രൈസ് ഇൻസന്റീവ് സ്‌കീമിന് പ്രത്യേക ബജറ്റ് വിഹിതം നൽകണം. പ്രത്യേക പ്രൈസ് റിസ്‌ക് ഫണ്ട് രൂപീകരിക്കണമെന്നും ആവശ്യമുന്നയിച്ചു. ലോക ബാങ്ക് സഹായത്തോടെയുള്ള കേര പദ്ധതിക്കായുള്ള തുടർഅനുമതി കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞു.
കേരഫെഡിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കും
കേന്ദ്ര പദ്ധതിയായ 10000 ഫാർമർ പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷന്റെ (എഫ്പിഒ) കേരളത്തിലെ നടത്തിപ്പ് ഏജൻസിയായി സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്എഫ്എസി) ഉൾപ്പെടുത്തണമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറുമായുള്ള കൂടിക്കാഴ്‌ചയിൽ പി പ്രസാദ് ആവശ്യപ്പെട്ടു. ആലുവയിലെ ഓർഗാനിക് ഫാം സന്ദർശിക്കുന്നതിന് കേന്ദ്രകൃഷി മന്ത്രിയെ പ്രസാദ് ക്ഷണിച്ചു. ഉണ്ടക്കൊപ്ര സംഭരണ അനുമതിയും കേന്ദ്രം വാഗ്‌ദാനം ചെയ്‌തു. അതോടൊപ്പം കൊപ്ര സംഭരണത്തിൽനിന്ന് കേരഫെഡിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന സംസ്ഥാന ആവശ്യം പരിഗണിക്കാമെന്നും തോമർ അറി
യിച്ചു.
കേര പദ്ധതി ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച ചെയ്‌തുവെന്നും വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതിന് അധികസഹായം ആവശ്യപ്പെട്ടുവെന്നും പ്രസാദ് വ്യക്തമാക്കി. 2024 ഏപ്രിൽ മുതൽ കേര പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.