ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലെ കീഴ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂനിറ്റിന് സർക്കാർ അനുമതിയില്ല. മൂന്ന് വര്‍ഷം മുമ്പാണ് ഡയാലിസിസ് യൂനിറ്റിനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ഭരണ സമിതി 25 ലക്ഷം രൂപ വകയിരുത്തി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രിയുടെ പിന്തുണയും പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി.
ഇതോടെ ജനകീയ കമ്മിറ്റിയും നിലവില്‍ വന്നു. വികസനത്തിന്റെ തുടര്‍ച്ചയെന്നോണം പുതിയ ഭരണസമിതി രണ്ട് കോടി രൂപ അനുവദിച്ചു. ഡയാലിസിസ് യൂനിറ്റിനുള്ള അന്തിമ അനുമതിക്കായി ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് അപേക്ഷയും നല്കി. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് നല്കിയ അപേക്ഷ നിരസിച്ച്, സി.എച്ച്.സിക്ക് കീഴില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ പറ്റില്ലെന്ന ഉത്തരവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതുകണ്ട് ഞെട്ടിയിരിക്കുകയാണ് ബ്ലോക്ക് പത്തായത്ത് ഭരണസമിതിയും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും.കെട്ടിടം, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്രമീകരണങ്ങള്‍, കുഴല്‍ കിണര്‍ നിർമിച്ച് ഒരു ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്, അധിക ജലം വേണ്ടിവന്നാല്‍ ഉപയോഗിക്കുന്നതിനായി 20 ലക്ഷം മുടക്കി സമീപത്തെ ക്ഷേത്രക്കുളം നവീകരിക്കൽ, വൈദുതി മുടങ്ങിയാല്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജനറേറ്റർ എന്നിവ ഒരുക്കുകയും ഫര്ണിച്ചറുള്പ്പടെയുള്ള അനുബന്ധ പ്രവത്തനങ്ങള്‍ക്കായി ഒരു കോടി രൂപ കെ.എം.സി.എല്ലിന് കൈമാറുകയും ചെയ്തശേഷമാണ് നിലവിലെ സ്റ്റാന്‍ഡൈസേഷന്‍ ഗൈഡ് ലൈന്‍സ് പ്രകാരം താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ട് മാത്രമേ ഡയാലിസിസ് യൂനിറ്റ് അനുവദിക്കുവെന്ന ഉത്തരവ് എത്തിയിരിക്കുന്നത്
ഡയാലിസിസ് രോഗികള്‍ 118
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു പഞ്ചായത്തുകളിലായി 118 ഡയാലിസിസ് രോഗികള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. ഇവര്‍ക്ക് സഹായ കിറ്റ് അനുവദിക്കുന്നതിന് 15 ലക്ഷം രൂപയാണ് ഓരോ വര്‍ഷവും വികസ ഫണ്ടില്‍നിന്നു മാറ്റിവെക്കുന്നത്.
കൂടാതെ ആറളം ഫാം പുനരധിവാസ മേഖലയുള്‍പ്പടെ ബ്ലോക്ക് പരിധിയില്‍ 158 ആദിവാസി സങ്കേതങ്ങളും ഉണ്ട്. ഇതെല്ലാം മുന്നിൽകണ്ടാണ് ബ്ലോക്കിന്റെ സ്വപ്ന പദ്ധതി എന്ന നിലയില്‍ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അംഗീകാരം നേടിയെടുക്കുന്നതിന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തുടർന്നും നടപടികള്‍ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് പറഞ്ഞു