24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൂന്നുവർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് പേവിഷബാധ നിർമാർജനം ചെയ്യുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി
Kerala

മൂന്നുവർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് പേവിഷബാധ നിർമാർജനം ചെയ്യുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ മുളന്തുരുത്തിയിൽ പ്രവർത്തനമാരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ (എബിസി) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ ഏജൻസിയുടെ നേതൃത്വത്തിൽ മൂന്നുവർഷംകൊണ്ട് മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്‌സിൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ചട്ടങ്ങളിൽ ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. തെരുവുനായയുടെ കടിയേറ്റാൽ വാക്‌സിൻ കൃത്യമായി എടുക്കണം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മരണം സംഭവിച്ചിരിക്കുന്നത് വാക്‌സിൻ എടുക്കാത്തവരിലാണ്.

സംസ്ഥാനത്ത് കൂടുതൽ എബിസി സെൻ്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 25 കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒരു പഞ്ചായത്തിൽ പത്തിൽ കൂടുതൽ പേർക്ക് നായയുടെ കടിയേറ്റാൽ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും. ഇതുവരെ 170 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ മുഖേനയുള്ള എബിസി പദ്ധതി നിർത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണം. എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ എബിസി പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് പദ്ധതി നിർത്തലാക്കി.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഫണ്ട് മാറ്റുന്നതിന് ആവശ്യമായ നിർദേശങ്ങൾ എല്ലാ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ട്. 431 പഞ്ചായത്തുകൾ ഫണ്ട് മാറ്റിയിട്ടുണ്ട്. ബാക്കി പഞ്ചായത്തുകളിലും ഫണ്ട് മാറ്റുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വളർത്തു നായ്ക്കൾക്ക് വാക്‌സിൻ, ലൈസൻസ് നിർബന്ധമാക്കും. അതുപോലെ വളർത്തു നായ്ക്കളുടെ വാക്സിൻ, ഉടമസ്ഥൻ തുടങ്ങിയ വിവിധ കാര്യങ്ങൾ ലഭ്യമാക്കാൻ നായ്ക്കളിൽ ടാഗ് ഘടിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം കേരളത്തിൽ ആവിഷ്‌കരിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

ക്ഷീര മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രവർത്തനങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്ത് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Related posts

എന്റെ കേരളം’ മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെയും വായനാ കളരിയുടേയും ഉദ്ഘാടനം നടന്നു.

Aswathi Kottiyoor

ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ശുപാർശ

Aswathi Kottiyoor
WordPress Image Lightbox