പേരാവൂർ: കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർക്കെതിരെ പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം കൊളക്കാട് ലോക്കൽ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉരുൾപൊട്ടലിന് ശേഷമുള്ള ദിവസങ്ങളിൽ പുഴയിലൂടെ ഒഴുകിയെത്തിയ മരത്തടികൾ ലോറിയിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത് ജനകീയ സമിതി ഭാരവാഹിയും മകനുമാണെന്ന് സി.പി.എം ആരോപിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം രൂപംകൊണ്ട ജനകീയ സമിതി, പ്രദേശത്തെ ദുരിതബാധിതർക്ക് യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ പ്രദേശത്തെ രണ്ട് പാറമടകളും അടപ്പിച്ചിരുന്നു. പാറമടകൾ അടപ്പിച്ചത് തങ്ങളാണെന്നും ഇനി തുറക്കാതിരിക്കാൻ നിയമനടപടികൾക്ക് സഹായമാവശ്യപ്പെട്ടും ചിലർ പണപ്പിരിവ് നടത്തുന്നതിനെതിരെയാണ് വാർഡ്
ഗ്രൂപ്പിൽ മെമ്പർ കുറിപ്പിട്ടത്. ഇതിൽ പ്രകോപിതരായ ജനകീയ സമിതി നാട്ടിൽ
തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ്.
പാറമടയിലെ മണ്ണും അനധികൃതമായി സ്ഥാപിച്ച പൈപ്പുകളും മാറ്റാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്റ്റോക്കുള്ള കരിങ്കൽ ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ ഒരു ക്രഷറിന് കളക്ടർ താത്കാലികാനുമതി നല്കിയത് ജനകീയ സമിതി തെറ്റായി പ്രചരിപ്പിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തിൽ സി.പി.എം. കൊളക്കാട് ലോക്കൽ സെക്രട്ടറി സി.സി. സന്തോഷ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, എട്ടാം വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻകുന്നേൽ, ആറാം വാർഡ് മെമ്പർ വി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.