പേരാവൂർ: പൂളക്കുറ്റി ജനകീയ പ്രകൃതി സംരക്ഷണ സമിതിക്കെതിരെ വാർഡ് മെമ്പർ വ്യാജപ്രചരണം നടത്തുന്നതായി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പൂളക്കുറ്റി നെടുംപുറംചാൽ മേഖലയിൽ പ്രവർത്തിക്കുന്ന ജനകീയ സമിതിക്കെതിരെ കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻ കുന്നേൽ നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് സമിതിയുടെ ആരോപണം.
നിയമാനുസൃതം പ്രവർത്തിക്കുന്ന ജനകീയ സമിതിയുടെ ഭാരവാഹികൾ അംഗത്വ ഫീസ് ശേഖരിക്കുന്നതിനെതിരെ പ്രദേശവാസി കൂടിയായ വാർഡ് മെമ്പർ നടത്തുന്ന വ്യാജപ്രചരണം പിൻവലിക്കണം. അല്ലാത്തപക്ഷം ജനകീയ സമിതി നടപടികൾ സ്വീകരിക്കും.
ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തനിവാരണ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ രണ്ട് പാറമടകളും ക്രഷറുകളും ജില്ലാ കലക്ടറുടെ നിർദേശപ്രകാരം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ, ഏതാനും മാസം മുൻപ് ഒരു ക്രഷർ തുറന്നു പ്രവർത്തിച്ചിരുന്നു.ഇതിന് അനുമതി നല്കിയത് ആരാണെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കണം.
ഇരുപത്തേഴാം മൈലിലെ പാറമടയിൽ കൂട്ടിയിട്ട മണ്ണ് ഉരുൾപൊട്ടൽ ദുരന്തം നടന്ന് ഒരു വർഷമാകാറായിട്ടും നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത്
ഉരുണ്ടുകളിക്കുകയാണ്. മഴ കനത്തതോടെ പൂളക്കുറ്റി പ്രദേശവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും ഏതാനും വീട്ടുകാർ വീടൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് രാജു ജോസഫ്, സെക്രട്ടറി സതീഷ് മണ്ണാറുകുളം, ട്രഷറർ ഷാജി കൈതക്കൽ എന്നിവർ സംബന്ധിച്ചു.