കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്.
ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നും യുജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. അതേസമയം ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ഹർജി വന്നാൽ തന്റെ വാദവും കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് മുൻകൂർ ഹർജി നൽകിയിട്ടുണ്ട്.
പ്രിയാ വർഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ വിധി 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്നാണ് യുജിസി നിലപാട്.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയാ വർഗീസ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. ഗവേഷണ കാലയളവും സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ സേവനകാലയളവും അധ്യാപക പരിചയമായി കണക്കാക്കാമെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.