മതിയായ കുട്ടികളില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ 105 ഹയർസെക്കൻഡറി ബാച്ചുകളിൽ പകുതിയും അനുവദിച്ചത് 1996-2001ലെ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത് പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് വിതരണത്തിലെ അസന്തുലിതാവസ്ഥക്ക് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ കാലത്തെ ഹയർസെക്കൻഡറി അനുവദിക്കലായിരുന്നു.
അന്ന് അനുവദിച്ച 52 ബാച്ചുകളാണ് മതിയായ കുട്ടികളില്ലാത്തവയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ടെത്തിയത്. കുട്ടികളില്ലാത്ത 105 ബാച്ചുകളിൽ 15 എണ്ണം എയ്ഡഡ് സ്കൂളുകളിലാണ്. ഈ 15 എയ്ഡഡ് ബാച്ചുകളിൽ ഒമ്പതെണ്ണം അനുവദിച്ചതും പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്. ഈ ബാച്ചുകളിലേക്ക് കുട്ടികളെ സംഘടിപ്പിക്കാൻ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുൾപ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്.
മലബാർ മേഖലയെ അവഗണിക്കുന്ന രീതിയിലായിരുന്നു 1996-01 കാലയളവിൽ ഹയർസെക്കൻഡറികൾ അനുവദിച്ചത്. പ്രീഡിഗ്രി പൂർണമായി നിർത്തലാക്കിയതും ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിലേക്ക് മാറിയതും ഈ കാലത്താണ്. സീറ്റില്ലാതായ മലബാറിലെ വിദ്യാർഥികൾ പിന്നീട് നിലവിൽവന്ന ഓപൺ സ്കൂളിൽ അഭയം തേടി
കുട്ടികളില്ലെന്ന് കണ്ടെത്തിയ 105 ബാച്ചുകളിൽ 14 എണ്ണം മാത്രമാണ് ഇത്തവണ സീറ്റ് ക്ഷാമമുള്ള ജില്ല എന്ന നിലയിൽ മലപ്പുറത്തേക്ക് മാറ്റിയത്. മറ്റുള്ളവ മാറ്റുന്നതിൽ ജനപ്രതിനിധികളിൽനിന്നും മാനേജ്മെന്റുകളിൽനിന്നും ഉയർന്ന സമ്മർദം സർക്കാറിന് മുന്നിൽ തടസ്സമായി. 1996-2001ന് ശേഷം പ്രധാനമായും ഹയർസെക്കൻഡറികളും ബാച്ചുകളും അനുവദിച്ചത് 2011-16 കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തായിരുന്നു. അർഹരായ സ്കൂളുകൾ പുറത്തായതോടെ സർക്കാർ തീരുമാനം കോടതികയറി. ഈ കാലയളവിൽ മലബാറിന് പുറത്ത് അനുവദിച്ച 23 ബാച്ചുകളും ഇപ്പോൾ മതിയായ കുട്ടികളില്ലാത്തവയിൽ ഉൾപ്പെടുന്നു.
സീറ്റില്ലാത്തവർ 67,832, മലബാറിൽ മാത്രം 46,049
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചത് 67,832 പേർ. ഇതിൽ 46,049 പേരും പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽനിന്നാണ്. ഇത് സീറ്റ് ലഭിക്കാത്ത മൊത്തം അപേക്ഷകരുടെ 67.88 ശതമാനമാണ്. സീറ്റ് ലഭിക്കാതെ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിൽനിന്നാണ്; 19,710 പേർ. ഇത് സീറ്റ് ലഭിക്കാത്തവരുടെ 29.05 ശതമാനമാണ്. ഇതിൽ 18,830 പേരും ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരാണ്. പാലക്കാട് ജില്ലയിൽനിന്നും 8653 പേരും കോഴിക്കോട് ജില്ലയിൽനിന്ന് 8345 പേരും സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ അപേക്ഷിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 4965 പേരും കാസർകോട് 3120 പേരും അപേക്ഷകരായുണ്ട്. ഈ മാസം 14ന് പ്രവേശനം തുടങ്ങാവുന്ന രീതിയിൽ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 15 വരെ പ്രവേശനത്തിന് അവസരമുണ്ടാകും. ഇതിനു ശേഷവും സീറ്റ് ലഭിക്കാത്തവരുടെ എണ്ണം വിലയിരുത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചത്.