കെ–- റെയിൽ പദ്ധതിയെ എതിർത്തിരുന്നില്ലെന്നും ചില ഭേദഗതിയാണ് ഉന്നയിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞതോടെ കേരളത്തിന്റെ സ്വപ്‌നപദ്ധതി വീണ്ടും ചർച്ചയാകുന്നു. മൂന്നുദിവസത്തിനകം സിൽവർ ലൈൻ, മറ്റ് പ്രധാന റെയിൽ പദ്ധതികളെക്കുറിച്ചുമുള്ള കുറിപ്പ് നൽകുമെന്ന് കൂടിക്കാഴ്‌ചയിൽ ഇ ശ്രീധരൻ അറിയിച്ചതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേകപ്രതിനിധി കെ വി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് കൈമാറും. നിലവിൽ റെയിൽവേ ബോർഡിന് മുമ്പാകെയാണ് പദ്ധതി.
2018ൽ ആണ് സിൽവർ ലൈൻ പദ്ധതി വിഭാവനം ചെയ്‌തത്. 2025ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് വേഗസർവീസ് എന്നരീതിയിൽ വന്ദേഭാരത് എക്‌സ്‌പ്രസ് കേന്ദ്രം അവതരിപ്പിച്ചത്. തിരുവനന്തപുരം സെൻട്രൽ–-കാസർകോട് റൂട്ടിൽ സർവീസ് ആരംഭിച്ചെങ്കിലും യാത്രാപ്രശ്‌നം പരിഹരിക്കാൻ പര്യാപ്‌തമായില്ല. ജനശതാബ്ദിയേക്കാൾ അരമണിക്കൂർമുതൽ രണ്ടുമണിക്കൂർവരെ മാത്രമാണ് സമയലാഭം. പരമാവധി ഒരുഭാഗത്തേക്ക് ആയിരംപേർക്കാണ് യാത്ര ചെയ്യാനാകുക. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാരത് കേരളത്തിലാണ്. എന്നാൽ, ഉയർന്നനിരക്കിലും കൂടിയ സമയത്തിലും യാത്രക്കാർ അസംതൃപ്‌തരാണ്.
ശരാശരി 85 കിലോമീറ്റർ വേഗത്തിലാണ് വന്ദേഭാരതിന്റെ സർവീസ്. മറ്റിടങ്ങളിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലും. മറ്റുട്രെയിനുകളുടെ സമയവും താളംതെറ്റി. കേരളത്തിൽ 623 വളവുകളുള്ള റൂട്ടിൽ വേഗം കൂട്ടുന്നതിന് പരിമിതിയുണ്ട്. ഇക്കാരണത്താൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ കഴിയില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. ബദലായി സിൽവർ ലൈനെ യാത്രക്കാർ കാണാൻ തുടങ്ങി. കുറഞ്ഞതുകയിൽ കൂടുതൽ വേഗത്തിൽ നിരവധിപേർക്ക് യാത്രചെയ്യാൻ കഴിയുമെന്നതാണ് നേട്ടം.