25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇഎംഎസ് അന്നു പറഞ്ഞു; ‘ഏക വ്യക്തിനിയമത്തിനെതിരായ ഏതുനീക്കവും സിപിഎം ചെറുക്കും’
Uncategorized

ഇഎംഎസ് അന്നു പറഞ്ഞു; ‘ഏക വ്യക്തിനിയമത്തിനെതിരായ ഏതുനീക്കവും സിപിഎം ചെറുക്കും’

തിരുവനന്തപുരം ∙ ഏക വ്യക്തിനിയമത്തിനെതിരായ ഏതു നീക്കത്തെയും സിപിഎം ചെറുക്കുമെന്നും നിയമം വേണ്ടെന്നു വാദിക്കുന്ന മുസ്‌ലിം ലീഗിനു മതനിരപേക്ഷ സ്വഭാവമില്ലെന്നും 1985 ഓഗസ്റ്റ് 7ന് ഇഎംഎസ് വ്യക്തമാക്കിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസ് ഏക വ്യക്തിനിയമം നടപ്പാക്കാൻ വൈകരുതെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ ലീഗ് ഇടതുമുന്നണിയിൽനിന്നു വിട്ടതിനു പിന്നാലെയാണ് സിപിഎമ്മിന്റെ സമീപനം ഇഎംഎസ് അന്നു വിശദമാക്കിയത്. ഏക വ്യക്തിനിയമത്തിൽ 1985ൽ ജനറൽ സെക്രട്ടറി പ്രഖ്യാപിച്ച നിലപാടുകൾ പിൻവലിച്ചതായി സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ഷബാനു ബീഗം ജീവനാംശക്കേസിൽ സുപ്രീം കോടതി വിധിയെ സിപിഎം സ്വാഗതം ചെയ്യുകയും ലീഗ് തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു 1985ൽ ഇഎംഎസ് വിമർശനങ്ങൾ കടുപ്പിച്ചത്. അന്നു ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ഇഎംഎസിന്റെ പ്രസ്താവനയിലെ വാക്കുകൾ ഇങ്ങനെ: ‘ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത്ര പെണ്ണുങ്ങളെ കെട്ടുക, അവരിൽ ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പറഞ്ഞയയ്ക്കുക, അങ്ങനെ പോകുന്ന സ്ത്രീകൾക്കു 3 മാസത്തിനപ്പുറം ചെലവിനു കൊടുക്കാതിരിക്കുക എന്നിവയ്ക്കെല്ലാമുള്ള സ്വാതന്ത്ര്യത്തിനുമേൽ കൈവച്ചെന്നാണ് ആക്ഷേപം. അതിനെതിരെ മുസ്‌ലിം ജനകോടികളാകെ അണിനിരക്കണമെന്നാണ് ആഹ്വാനം. ഈ വിധി മുസ്‌ലിം സമുദായത്തിന്റെ സ്വാതന്ത്ര്യത്തിനുമേൽ കൈവയ്ക്കലായി പോലും. ഈ നിലപാടിനു പിന്തുണ നൽകാൻ കേരളത്തിൽ കെ.കരുണാകരനും കേന്ദ്രത്തിൽ രാജീവ് ഗാന്ധിയും ഉണ്ടാകുമെന്നാണോ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ കണക്കുകൂട്ടൽ? ’

ഏക വ്യക്തിനിയമം വിഭാവന ചെയ്യുന്ന ഭരണഘടനയുടെ 44–ാം വകുപ്പ് എടുത്തുകളയാൻ സിപിഎം അനുവദിക്കില്ല. അത്തരം നീക്കങ്ങളെ പാർട്ടി ശക്തിയുക്തം എതിർക്കും. മതനിരപേക്ഷത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കും ഏക വ്യക്തിനിയമം വേണ്ടെന്ന ലീഗിന്റെ അഭിപ്രായത്തെ അംഗീകരിക്കാൻ കഴിയില്ല. ഇടതുമുന്നണിയി‍ൽനിന്ന് ഈ ലക്ഷ്യം സാധിക്കുന്നതിനു വേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന കാരണത്താലാണ് അഖിലേന്ത്യാ ലീഗ് മുന്നണിയിൽനിന്നു പോയത്– ഇഎംഎസ് പറയുന്നു.

ദേശാഭിമാനിയിൽ പറഞ്ഞതിങ്ങനെ: ‘ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ടു 35 വർഷം കഴിഞ്ഞു. ഭാവിയിൽ നടപ്പാക്കേണ്ട ഏക വ്യക്തിനിയമം ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജാതി, മതം മുതലായ വ്യത്യാസങ്ങൾ ഒന്നും നോക്കാതെ ഇന്ത്യൻ പൗരന്മാർക്കു മുഴുവൻ ബാധകമായ നിയമങ്ങൾ വഴി വിവാഹം, കുടുംബം, പിന്തുടർച്ചാ സ്വത്തവകാശം എന്നിവയെ നിയന്ത്രിക്കണം.’

Related posts

വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പരിശോധന

Aswathi Kottiyoor

ഇരിങ്ങാലക്കുട കോടതി: രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി: മന്ത്രി ആര്‍ ബിന്ദു

Aswathi Kottiyoor

ആദ്യം ഊരി ഇപ്പോ വീണ്ടും ഊരി! സ്കൂള്‍ തുറക്കല്‍ തിരക്കിനിടെ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox