സ്കൂളുകളുടെ പ്രവർത്തന മികവു വിലയിരുത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ (പിജിഐ) കേരളത്തിനു തിരിച്ചടി. കഴിഞ്ഞ 2 വർഷങ്ങളിലും ഏറ്റവും മുൻനിരയിലുള്ള സംസ്ഥാനങ്ങൾക്കൊപ്പം കേരളമുണ്ടായിരുന്നെങ്കിൽ 2021–22 ലെ റിപ്പോർട്ടിൽ കേരളം രണ്ടാം നിരയിലേക്കു പിന്തള്ളപ്പെട്ടു.
പഠനനിലവാരം, വരുത്തിയ മാറ്റം, അടിസ്ഥാന സൗകര്യം, ഭരണനിർവഹണം തുടങ്ങിയ 73 ഘടകങ്ങൾ പരിശോധിച്ച് 1000 പോയിന്റിലാണു ഇത്തവണ സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളെ വിലയിരുത്തിയത്. 10 ഗ്രേഡുകളിലാണു സംസ്ഥാനങ്ങളെ തിരിച്ചിരുന്നത്. ആദ്യത്തെ 5 ഗ്രേഡുകളിൽ ഇക്കുറി ഒരു സംസ്ഥാനവുമില്ല. 641 മുതൽ 700 മാർക്കു വരെ നേടിയ സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗണത്തിൽ (പ്രചേസ്ത–2) ചണ്ഡിഗഡ്, പഞ്ചാബ് എന്നിവ എത്തി.
പ്രചേസ്ത–3 വിഭാഗത്തിലാണു ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, ഡൽഹി, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ. 2020–21 അധ്യയന വർഷം 901–950 സ്കോർ നേടി ഏറ്റവും മുന്നിലെത്തിയ 7 സംസ്ഥാനങ്ങൾക്കൊപ്പമായിരുന്നു കേരളം. 2019–20 ൽ സമാന ഗ്രേഡ് നേടിയ 5 സംസ്ഥാനങ്ങളിലും കേരളം ഉൾപ്പെട്ടിരുന്നു.
മുൻവർഷങ്ങളിലെ ഗ്രേഡിങ് രീതി പരിഷ്കരിക്കുകയും യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസിന്റെ (യുഡൈസ് പ്ലസ്) വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ദക്ഷ് (941–1000 സ്കോർ), ഉത്കർഷ് (881–940 സ്കോർ), അതി ഉത്തം (821–880), ഉത്തം (701–820), പ്രചേസ്ത–1 (701–760), പ്രചേസ്ത 2 (641–700), പ്രചേസ്ത–3 (581–640) തുടങ്ങി 10 ഗ്രേഡുകളാണുള്ളത്.