24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മഴയുടെ തീവ്രത കുറഞ്ഞു ; കെടുതി തുടരുന്നു , 95.96 കോടി രൂപയുടെ കൃഷിനാശം
Uncategorized

മഴയുടെ തീവ്രത കുറഞ്ഞു ; കെടുതി തുടരുന്നു , 95.96 കോടി രൂപയുടെ കൃഷിനാശം

അഞ്ചുദിവസം സംസ്ഥാന വ്യാപകമായി നാശംവിതച്ച മഴയുടെ തീവ്രത കുറഞ്ഞു. വെള്ളിയാഴ്‌ച വടക്കൻ കേരളത്തിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടായെങ്കിലും തീവ്രതയ്‌ക്ക്‌ ശമനമുണ്ടായി. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയുണ്ടായി. ശനി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌ (ശക്തമായ മഴ). മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും നേരിയ മഴ തുടരും.

തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്‌. 4.2 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്ക്‌ സാധ്യതയുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരമേഖലകളിലും ജാഗ്രത തുടരണം. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിക്കാൻ പോകരുത്‌.

സംസ്ഥാനത്ത്‌ നിലവിൽ 203 ദുരിതാശ്വാസ ക്യാമ്പിലായി 2340 കുടുംബത്തിലെ 7844 പേരാണുള്ളത്‌. പത്തനംതിട്ട (70), കോട്ടയം (69), ആലപ്പുഴ (39) എന്നിവിടങ്ങളിലാണ്‌ കൂടുതൽ ക്യാമ്പുകൾ. 32 വീട്‌ പൂർണമായും 642 വീട്‌ ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 8898.95 ഹെക്ടറിലെ കൃഷി നശിച്ചതായാണ്‌ പ്രാഥമിക കണക്ക്‌. 95.96 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 39,031 കർഷകരെ ബാധിച്ചു.

5 ദിവസം 292 മി.മീ. മഴ
കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത്‌ 292 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. കാസർകോട്‌ (511.9), കണ്ണൂർ (457.7), എറണാകുളം (342.9), കോഴിക്കോട്‌ (339.2), പത്തനംതിട്ട (322.9) എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. കുറവ്‌ തിരുവനന്തപുരത്തും (120.8).

ഇടുക്കിയിൽ 
20.36 ശതമാനം
കാലവർഷം ശക്തിപ്രാപിച്ചതോടെ ഇടുക്കിയിൽ ജലനിരപ്പ്‌ ഉയരാൻ തുടങ്ങി. ദിവസവും മൂന്നടി വീതമാണ്‌ ഉയരുന്നത്‌. വെള്ളിയാഴ്‌ച 2316.08 അടിയിലെത്തി. വ്യാഴം 2313.36 ആയിരുന്നു. സംഭരണിയിൽ ശേഷിയുടെ 20.36 ശതമാനം വെള്ളമുണ്ട്‌. കഴിഞ്ഞവർഷം ഇതേദിവസം 45.19 ശതമാനമായിരുന്നു. പദ്ധതി പ്രദേശങ്ങളിൽ 60 മി.മീറ്റർ മഴ പെയ്‌തു. മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം 21.98 ലക്ഷം യൂണിറ്റാണ്‌.

മഴക്കെടുതി; സംസ്ഥാനത്ത് 5 മരണം
മഴക്കെടുതിയിൽ സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച അഞ്ച് മരണം. തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌.

തൃശൂർ ഗുരുവായൂർ പുന്നയൂർക്കുളം ചമ്മന്നൂരിൽ വീടിനടുത്ത ചാലിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. ചമ്മന്നൂർ പാലയ്‌ക്കൽ വീട്ടിൽ സനീഷി (കണ്ണൻ)ന്റെയും അശ്വനിയുടെയും മകൾ അതിഥിയാണ്‌ മരിച്ചത്‌. സമീപത്തെ ബന്ധുവീട്ടിൽ കളിക്കാൻ പോയി മടങ്ങുന്നതിനിടെ വെള്ളി രാവിലെ പത്തരയ്‌ക്കാണ്‌ അപകടമുണ്ടായത്‌. കുട്ടിയെ അന്വേഷിച്ചെത്തിയ അമ്മയാണ്‌ കുട്ടി വെള്ളത്തിൽ വീണ്‌ കിടക്കുന്നത്‌ ആദ്യം കണ്ടെത്‌. ഉടൻ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. സഹോദരൻ: ആര്യൻ.

ആലപ്പുഴ കഞ്ഞിക്കുഴിയിൽ വെള്ളക്കെട്ടിൽ വീണ്‌ കർഷകത്തൊഴിലാളി മരിച്ചു. കോഴിക്കുളങ്ങര ബാബു (61) ആണ്‌ മരിച്ചത്‌. വ്യാഴം വൈകിട്ടുമുതൽ ബാബുവിനെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെയാണ്‌ വെള്ളക്കെട്ടിൽനിന്ന്‌ മൃതദേഹം കിട്ടിയത്‌.

കണ്ണൂർ പാനൂർ ചെറുപ്പറമ്പ് താഴോട്ടുംതാഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളിൽ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ചെറുപ്പറമ്പ് കക്കാട്ടുവയൽ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്റെയും മകൻ മുഹമ്മദ് സിനാനി (18)ന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. വ്യാഴം വൈകിട്ടായായിരുന്നു അപകടം. പ്ലസ്‌ടു കഴിഞ്ഞ്‌ ബിരുദ പ്രവേശനം കാത്തിരിക്കുകയായിരുന്നു മുഹമ്മദ് സിനാൻ. സുഹൃത്ത്‌ കല്ലിക്കണ്ടി എൻഎഎം കോളേജ്‌ ബിരുദ വിദ്യാർഥി മുഹമ്മദ്‌ ഷഫാദിന്റെ മൃതദേഹം വ്യാഴാഴ്ചതന്നെ കിട്ടിയിരുന്നു.

മലപ്പുറം മഞ്ചേരി മുട്ടിയറയിൽ തോട്ടിൽ കാൽവഴുതി വീണ്‌ ഒരാൾ മരിച്ചു. അത്താണിക്കൽ പടിഞ്ഞാറെ പറമ്പിൽ ആക്കാട്ടുകുണ്ടിൽ വേലായുധനാ (52)ണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം അമരമ്പലം കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ട്‌.
കോഴിക്കോട്‌ കൊയിലാണ്ടിയിൽ കടലാക്രമണത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. വലിയമങ്ങാട് പുതിയ പുരയിൽ പരേതനായ വേലായുധന്റെ മകൻ അനൂപി (35)നെയാണ് കാണാതായത്.

ചോറോട് വൈക്കിലശേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി മീത്തലെ പറമ്പത്ത്‌ വിജീഷിന്റെ (35) മൃതദേഹമാണ്‌ വെള്ളി രാവിലെ 8.15ന്‌ കണ്ടെത്തിയത്‌.

Related posts

മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ കത്തിക്കുത്ത്; ഒരാൾ മരിച്ചു

Aswathi Kottiyoor

കളിക്കാൻ പോയി കാണാതായി, പെൺകുട്ടിയുടെ മൃതദേഹം ഓടയിൽ; പ്രായപൂർത്തിയാവാത്ത 2 പേരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

Aswathi Kottiyoor

സ്നേഹംകൊണ്ട് ലോകം കീഴടക്കി’; മനുഷ്യക്കടലിൽ കുഞ്ഞൂഞ്ഞിന് നിത്യവിശ്രമം

Aswathi Kottiyoor
WordPress Image Lightbox