ഇരിട്ടി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ കനത്തപ്പോൾ ഇരിട്ടി മേഖലയിൽ പെയ്യാൻ മടിച്ചു നിന്ന മഴ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കനത്തു. ഇതോടെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനജീവിതം ദുസ്സഹമാക്കുന്ന നിലയിലുള്ള വാർത്തകളും എത്തിത്തുടങ്ങി. ഇരിട്ടി നഗരസഭയിലെ വള്ള്യാട് – ചെറുവോട് റോഡിൽ മണ്ണിടിച്ചലിൽ രണ്ട് വീടുകൾ അപകടഭീഷണിയിലായി. മാടത്തിയിൽ വീട്ടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. നീരൊഴുക്ക് കൂടിയതോടെ പഴശ്ശി ജല സംഭരണിയുടെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ഇതോടെ വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് വർധിപ്പിച്ചു. മണ്ണിടിച്ചൽ ഭീഷണി നിലനില്ക്കുന്നതിനാൽ അയ്യൻകുന്ന്, കൊട്ടിയൂർ, കേളകം ഭാഗങ്ങളിലെ മലയോര മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
ഇരിട്ടി നഗരസഭയിലെ വള്ള്യാട് ചെറുവോട് രണ്ടു വീടുകൾ മണ്ണിടിച്ചലിൽ അപകട ഭീഷണിയിലായി. സഹോദരങ്ങളായ പടിഞ്ഞാറെ വീട്ടിൽ പി.വി. ശിവൻ, ലക്ഷ്മി എന്നിവരുടെ വീടുകളാണ് ഭീഷണയിലായത്. ശിവന്റെ വീടിന്റെ വരാന്തയോട് അടുത്ത് മണ്ണിടിഞ്ഞു നീങ്ങി. വീടിന്റെ അടിത്തറ തകരുന്ന വിധം വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ ലക്ഷ്മിയുടെ വീടിനോട് ചേർന്നും വിള്ളൽ വീണു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് ഇടിച്ചൽ ഉണ്ടായത്. രാത്രി ഇടിച്ചിൽ ശക്തമായതോടെ വീട്ടുകാർ സമീപ വീടുകളിലേക്ക് താമസം മാറ്റി. ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
പായം പഞ്ചായത്തിലെ മാടത്തിൽ കാലിക്കണ്ടത്ത് ചോടോൻ പുതിയ വീട്ടിൽ രജിലിന്റെ വീട്ടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. വീടിന് നാശം നേരിട്ടു. വാർഡ് അംഗം സാജിദിന്റെ നേതൃത്വത്തിൽ നാട്ടുകാർ തെങ്ങ് മുറിച്ചുനീക്കി. ഇരിട്ടി താലൂക്ക് ആസ്പത്രി ഒ പി ബ്ലോക്കിന്റെ വരാന്തയിൽ വെള്ളം കയറി. രോഗികൾക്കുള്ള വിശ്രമ കേന്ദ്രമാണ് വെള്ളത്തിൽ മുങ്ങിയത്. ഇരിട്ടി- പേരാവൂർ റോഡിൽ പയഞ്ചേരി മുക്കിൽ റോഡിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരിട്ടിയിൽ ബഹുനില കെട്ടിടത്തിന്റെ ചുറ്റുമതിൽ മഴയിൽ തകർന്നു. പേരാവൂരിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മരക്കൊമ്പ് വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പോലീസും അഗ്നിശമനസേനയും ചേർന്ന് മരം മുറിച്ചുമാറ്റി.
പുഴയിൽ നീരൊഴുക്ക് ശക്തമായാതിനെ തുടർന്ന് പഴശ്ശി പദ്ധതിയുടെ ഷട്ടർ 10 സെന്റീമീറ്ററിൽ നിന്നും 25 സെന്റീമീറ്ററായി ഉയർത്തി. ഇതോടെ സംഭരണിയിലെ ജലം 24മീറ്ററിൽ നിന്നും 22 മീറ്ററിലേക്ക് താഴ്ന്നു. ബാവലി , ബാരാപോൾ പുഴയിലും പദ്ധതി പ്രദേശത്തെ കൈതോടുകളിലും ജലം ഉയർന്നതോടെയാണ് പദ്ധതിയുടെ ഷട്ടർ അധികമായി ഉയർത്തേണ്ടി വന്നത്.