പകർച്ചപ്പനി പ്രതിരോധത്തിൽ സർക്കാരിന് പൂർണ പിന്തുണയുമായി ഡോക്ടർമാരുടെ സംഘടനകൾ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പൂർണ സഹകരണം അറിയിച്ചു.
പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു. ഫിസിഷ്യൻ, ശിശുരോഗ വിഭാഗങ്ങളിലെ സർക്കാർ, സ്വകാര്യ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ ക്യാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗകേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണം.
പകർച്ചപ്പനിബാധിതരെ ചികിത്സിക്കാൻ ഒരുശതമാനം കിടക്കകൾ മാറ്റിവയ്ക്കണം. ഡോക്ടർ സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമുള്ള ബോധവൽക്കരണത്തിൽ പങ്കാളികളാകണം. സ്വകാര്യ ആശുപത്രികൾ ഫലപ്രദമായി രോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു