24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈദ്യുതി നിരക്ക്: പകൽ കുറയ്ക്കാനും രാത്രി കൂട്ടാനും കേന്ദ്രചട്ടം
Kerala

വൈദ്യുതി നിരക്ക്: പകൽ കുറയ്ക്കാനും രാത്രി കൂട്ടാനും കേന്ദ്രചട്ടം

നേരംനോക്കി വൈദ്യുതിക്ക് നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് സമ്പ്രദായം എല്ലാവർക്കും ബാധകമാക്കാൻ കേന്ദ്രം ചട്ടം ഭേദഗതിചെയ്തു. പകൽ വൈദ്യുതിനിരക്ക് 20 ശതമാനമെങ്കിലും കുറയ്ക്കണം. രാത്രിയിൽ വ്യവസായങ്ങൾക്ക് 20 ശതമാനത്തിലേറെയും മറ്റുള്ളവർക്കും പത്തുശതമാനത്തിലേറെയും കൂട്ടണം.

10 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡുള്ള എല്ലാ വാണിജ്യവ്യവസായ ഉപഭോക്താക്കൾക്ക് 2024 ഏപ്രിൽ ഒന്നിനുമുമ്പ് ടി.ഒ.ഡി. താരിഫ് ബാധകമാക്കണമെന്നാണ് വൈദ്യുതി ഉപഭോക്താക്കളുടെ അവകാശച്ചട്ടങ്ങളിൽ കേന്ദ്രംവരുത്തിയ ഭേദഗതി. കാർഷിക കണക്‌ഷൻ ഒഴികെയുള്ള മറ്റെല്ലാ കണക്‌ഷനുകൾക്കും 2025 ഏപ്രിൽ ഒന്നിനുമുമ്പും നടപ്പാക്കണം.

സ്മാർട്ട്‌ മീറ്റർ നൽകിയിട്ടുള്ള ഉപഭോക്താക്കൾക്കെല്ലാം ഉടൻതന്നെ ഈ രീതി നടപ്പാക്കണം. സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ് ഇതിൽ നടപടിയെടുക്കേണ്ടത്.

സംസ്ഥാനങ്ങളുടെ സാഹചര്യം കണക്കിലെടുത്തുള്ള തീരുമാനങ്ങൾ മതിയെന്നാണ് റെഗുലേറ്ററി കമ്മി‌ഷനുകളുടെ ദേശീയ ഫോറത്തിലുണ്ടായ ധാരണ. എന്നാൽ, കേന്ദ്രം നിർബന്ധിച്ചാൽ നടപ്പാക്കേണ്ടിവരും.

വ്യവസായങ്ങൾക്ക് മെച്ചം, വീടുകൾക്ക് നഷ്ടം

കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇപ്പോൾ ചില വിഭാഗം ഉപഭോക്താക്കൾക്ക് ടി.ഒ.ഡി. താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ വിഭാഗത്തിലെ എല്ലാ വൻകിട വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കും 20 കിലോവാട്ട് കണക്ടഡ് ലോഡിൽക്കൂടിയ വ്യവസായസ്ഥാപനങ്ങൾക്കും മാസം 500 യൂണിറ്റിൽ അധികം ഉപയോഗിക്കുന്ന വീടുകൾക്കുമാണ് ഇപ്പോൾ ടി.ഒ.ഡി. താരിഫ് ഉള്ളത്.

പകലും രാത്രിയിലും വെവ്വേറെ നിരക്കാണ് ഈ സമ്പ്രദായത്തിൽ. കേരളത്തിലെ ടി.ഒ.ഡി. ബാധകമായവർക്ക് നിലവിലെ നിരക്ക് ഇങ്ങനെയാണ്-രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ (നോർമൽ ടൈം) സാധാരണ നിരക്ക്. വൈകുന്നേരം ആറുമുതൽ പത്തുവരെ (പീക്ക് ടൈം) 50 ശതമാനം അധികം. രാത്രി പത്തുമുതൽ രാവിലെ ആറുവരെ (ഓഫ് പീക്ക്) സാധാരണനിരക്കിലും 25 ശതമാനം കുറവ്

കേന്ദ്രചട്ടം നടപ്പാക്കിയാൽ കേരളത്തിലെ പകൽ നിരക്ക് കുറയ്ക്കേണ്ടിവരും. ഇത് വ്യവസായങ്ങൾക്ക് ഗുണമാകും. എന്നാൽ, എല്ലാവർക്കും ടി.ഒ.ഡി. താരിഫ് ബാധകമാക്കുകയും രാത്രിയിലെ നിരക്കു കൂട്ടുകയുംചെയ്താൽ അത് ഗാർഹിക ഉപഭോക്താക്കൾക്ക് ബാധ്യതയാകും. വീടുകളിൽ രാത്രിയാണ് കൂടുതൽ വൈദ്യുതി വേണ്ടിവരുന്നത്.

Related posts

ക്ഷയരോഗ ബാധിതരെ കണ്ടെത്താൻ അക്ഷയ കേരളം കാമ്പയിൻ വീണ്ടും

Aswathi Kottiyoor

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

Aswathi Kottiyoor

കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ 30നകം തീർപ്പാക്കണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox