22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓൺലൈൻ ഗെയിം നിയന്ത്രണം: ശുപാർശകൾ ഫയലിൽത്തന്നെ
Kerala

ഓൺലൈൻ ഗെയിം നിയന്ത്രണം: ശുപാർശകൾ ഫയലിൽത്തന്നെ

ഓൺലൈൻ ഗെയിമുകൾ ധനനഷ്ടത്തിനും ജീവഹാനിക്കും ഇടയാക്കുമ്പോഴും അവ നിരോധിക്കുന്നതിന് ബിൽ കൊണ്ടുവരണമെന്ന നിയമ, ആഭ്യന്തര വകുപ്പുകളുടെ ശുപാർശകളിൽ നടപടിയുണ്ടായില്ല. ഒന്നരവർഷത്തോളമായിട്ടും പ്രാഥമികനടപടികൾപൊലും കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നെങ്കിലും നടപടികൾക്ക് വേഗംവന്നില്ല.

സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾക്ക് നിരോധനമില്ലാത്തതിനാൽ വായ്പാ ആപ്പുകളിൽ നിന്നുൾപ്പെടെ ഭീമൻപലിശയ്ക്ക് പണം കടമെടുത്ത് ഗെയിം കളിച്ച് കുടുങ്ങുന്നവരുടെ എണ്ണം കൂടുകയാണ്.2021-ൽ ഓൺലൈൻ റമ്മി സംസ്ഥാനസർക്കാർ നിരോധിച്ച് വിജ്ഞാപനമിറക്കിയെങ്കിലും സാങ്കേതിക വശങ്ങൾ വ്യക്തമാക്കി ഗെയിമിങ് കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നൈപുണ്യം അടിസ്ഥാനമാക്കിയുള്ള ഗെയിം എന്നതുൾപ്പെടെയാണ് കമ്പനികൾ മുന്നോട്ടുവെച്ച വാദം. കമ്പനികളുടെ വാദം അംഗീകരിച്ച് സർക്കാരിന്റെ നിരോധനം സ്റ്റേചെയ്തു.

കേരള ഗെയിമിങ് നിയമത്തിലെ മൂന്നാമത്തെ വകുപ്പ് ഭേദഗതിയിലൂടെ ചൂതാട്ട ഗെയിമുകൾ നിരോധിക്കണം, പണംവെച്ചുള്ള റമ്മികളി ചൂതാട്ടത്തിന്റെ പരിധിയിലാക്കാൻ നിയമത്തിലെ 14(എ) വകുപ്പ് ഭേദഗതിചെയ്യണം, പണംവെച്ചുള്ള കളി ഭാഗ്യപരീക്ഷണത്തിന്റെ പരിധിയിലാക്കണം തുടങ്ങിയ ശുപാർശകളാണ് ഉൾക്കൊള്ളിച്ചിരുന്നത്. തമിഴ്‌നാട്ടിൽ നിയമഭേദഗതി വരുത്തിയാണ് ഓൺലൈൻ ഗെയിമുകളെ നിയന്ത്രിച്ചത്. തെലങ്കാനയും ആന്ധ്രയും നേരത്തേതന്നെ ഇവയെ നിയമംമൂലം നിരോധിച്ചു.
രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്ക് നിരോധനവും നിയന്ത്രണവും കൊണ്ടുവരുന്നതിനുള്ള കരട് ബിൽ കേന്ദ്രം ഇക്കൊല്ലം ആദ്യം പുറപ്പെടുവിച്ചിരുന്നു. ഇതിൽ അന്തിമതീരുമാനമുണ്ടായിട്ടില്ല.

മൂന്നുതരത്തിലുള്ള ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വാതുവെപ്പ് ഉൾപ്പെടുന്നവ, ഉപയോഗിക്കുന്നയാൾക്ക് അപകടകരമാകുന്ന തരത്തിലുള്ളവ, അഡിക്‌ഷൻ ഉണ്ടാക്കുന്ന ഘടകങ്ങളുള്ളവ എന്നിവ നിരോധിക്കാനാണ് ശ്രമമെന്നാണ് സൂചന.

Related posts

രാജ്യത്ത് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ

Aswathi Kottiyoor

സംസ്‌ഥാനത്ത്‌ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍

Aswathi Kottiyoor

അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത: യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox