24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാസഞ്ചറുകളെ ‘സ്‌പെഷ്യലാ’ക്കി ; എക്‌സ്‌പ്രസ്‌ ടിക്കറ്റ്‌ നിരക്ക്‌ ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള
Kerala

പാസഞ്ചറുകളെ ‘സ്‌പെഷ്യലാ’ക്കി ; എക്‌സ്‌പ്രസ്‌ ടിക്കറ്റ്‌ നിരക്ക്‌ ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള

സാധാരണക്കാരുടെ ആശ്രയമായ പാസഞ്ചർ, മെമു ട്രെയിനുകൾ ‘സ്‌പെഷ്യൽ’ എന്ന പേരിൽ എക്‌സ്‌പ്രസ്‌ ടിക്കറ്റ്‌ നിരക്ക്‌ ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള. 2020ൽ കോവിഡുകാലത്ത്‌ നിർത്തിയ ട്രെയിനുകൾ പുനരാരംഭിച്ച്‌ ഒരു വർഷം പിന്നിടുമ്പോഴും കൂടിയ നിരക്ക്‌ ഈടാക്കിയാണ്‌ യാത്രക്കാരെ പിഴിയുന്നത്‌. ഇപ്പോൾ ഈ ട്രെയിനുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ നിരക്ക്‌ 30 രൂപയാണ്‌. നേരത്തേ പാസഞ്ചറിൽ കുറഞ്ഞ നിരക്ക്‌ 10 രൂപയായിരുന്നു. മെമുവിൽ പാലക്കാട്ടുനിന്ന്‌ തൃശൂർവരെ യാത്രചെയ്യാൻ 20 രൂപ മതിയായിരുന്നു. സ്‌പെഷ്യലായതോടെ 45 രൂപയായി. നിരക്ക്‌ കൂട്ടിയെങ്കിലും പഴയ പാസഞ്ചർ ട്രെയിനിന്റെ സമയവും സ്‌റ്റോപ്പുമാണുള്ളത്‌.

കോവിഡ്–- 19 ലോക്ക്ഡൗണിൽ ട്രെയിൻ സർവീസ്‌ നിർത്തിയത് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നാണ്‌ റെയിൽവേ പറയുന്നത്‌. ഇത്‌ മറികടക്കാനെന്ന പേരിലാണ്‌ കൂടുതൽ ട്രെയിനുകൾ എക്സ്പ്രസാക്കി യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത്‌.

അതേസമയം, മലബാർ, മാവേലി ഉൾപ്പെടെ എട്ട്‌ ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചതും സാധാരണക്കാർക്ക്‌ തിരിച്ചടിയായി. യാത്രക്കാരുടെ തിരക്ക്‌ പരിഗണിച്ച്‌ റെയിൽവേ അനുവദിക്കുന്ന കോച്ചുകൾ മിക്കതും എസിയാണ്‌. സ്ലീപ്പർ കോച്ചുകളിൽ വരുമാനം കുറവും ചെലവ്‌ കൂടുതലുമാണെന്നാണ്‌ റെയിൽവേ അവകാശപ്പെടുന്നത്‌. കോവിഡിന്റെ മറവിൽ മുതിർന്ന പൗരന്മാർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ യാത്രാ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞതും റെയിൽവേ പുനഃസ്ഥാപിച്ചിട്ടില്ല.

റെയിൽവേ പാസഞ്ചർ അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാനെക്കൊണ്ട്‌ 
കേരളത്തിന് ഗുണമില്ല
റെയിൽവേ യാത്രക്കാർക്ക്‌ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ മലയാളി ആയിരുന്നിട്ടും കേരളത്തിന്‌ ഗുണമില്ല. മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ്‌ ആണ്‌ 2018 മുതൽ റെയിൽവേ പാസഞ്ചർ അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ. എന്നാൽ, കേരളത്തിലെ യാത്രക്കാരോട്‌ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഇദ്ദേഹം പ്രതികരിക്കാറില്ല.

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലാണ്‌ അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാന്റെ ഓഫീസ്. യാത്രക്കാർക്ക്‌ ആവശ്യമായ പരിഷ്‌കരണങ്ങൾ, റെയിൽവേ സ്റ്റേഷനുകളിലെ പരിശോധന, പരിഹാരം തുടങ്ങിയവ ഉറപ്പാക്കുകയാണ്‌ ചെയർമാന്റെ ഉത്തരവാദിത്വം. തുടർച്ചയായി രണ്ടുതവണ ഈ പദവി ലഭിച്ചിട്ടും പി കെ കൃഷ്‌ണദാസിന്‌ കേരളത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. വിവിധ സ്‌റ്റേഷനുകൾ സന്ദർശിച്ച്‌ വാഗ്‌ദാനങ്ങൾ നൽകാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.

കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയുടെ പുതിയ ഉദാഹരണമാണ്‌ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത്‌. മലബാർ, മാവേലി, ഷാലിമാർ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌, നേത്രാവതി എക്‌സ്‌പ്രസ്‌, കേരള ഉൾപ്പെടെയുള്ള ദീർഘദൂര എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ചപ്പോൾ ചെയർമാൻ മൗനം പാലിച്ചു. ജനശതാബ്ദി ഉൾപ്പെടെ കേരളത്തിലോടുന്ന നിരവധി ട്രെയിനുകളിലെ പഴകിയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും അദ്ദേഹം ചെവികൊടുത്തിട്ടില്ല. ഫാൻ, കുടിവെള്ളം, ടോയ്‌ലറ്റ്‌ തുടങ്ങി യാത്രക്കാർക്ക്‌ അത്യാവശ്യമായ പല സംവിധാനങ്ങളും ഇല്ലാത്ത നിരവധി സ്‌റ്റേഷനുകൾ കേരളത്തിലുണ്ട്‌. പല ഇന്റർമീഡിയറ്റ്‌ സ്‌റ്റേഷനുകളും അവഗണനയിലാണ്‌. ടിക്കറ്റ്‌ കൗണ്ടറുകളിൽ ജീവനക്കാരുടെ ക്ഷാമവും പരിഹരിച്ചിട്ടില്ല.

യാത്രക്കാർ പറയുന്നു

‘ഇടി ഇനി കൂടും’
ജനറൽ കമ്പാർട്ട്‌മെന്റിൽ ഇനി വൻ തിരക്കാകും. ഇപ്പോൾത്തന്നെ പ്രയാസപ്പെട്ടാണ്‌ യാത്ര. ചില സമയങ്ങളിൽ കാലുകുത്താൻപോലും ജനറൽ കോച്ചുകളിൽ കഴിയാറില്ല. സ്‌ത്രീകളും കുട്ടികളുമാണ്‌ കൂടുതൽ കഷ്ടത്തിലാവുക.

ആദ്യം കൃത്യസമയം പാലിക്കൂ
ആദ്യം ട്രെയിനുകൾ കൃത്യസമയം പാലിക്കണം. കൂടുതൽ ട്രെയിനുകളും അനുവദിക്കണം. സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്‌ക്കുകയല്ല വേണ്ടത്‌.പുതിയ തീരുമാനത്തോടെ വനിതായാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാകും.
കൂട്ടുന്നതിനുപകരം വെട്ടുന്നു
സ്ലീപ്പർ കോച്ചുകളടക്കം കൂട്ടുന്നതിനുപകരം തലതിരിഞ്ഞ നടപടിയാണ്‌. നിലവിലുള്ളവ വെട്ടിക്കുറച്ച്‌ എസി ത്രീടയറാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്‌ കൊള്ളയാണ്‌. സാധാരണക്കാർക്ക്‌ വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ്‌ തീരുമാനം

Related posts

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31 മു​ത​ൽ

Aswathi Kottiyoor

വിഷു വിപണിയിൽ സജീവമായി പാലക്കാടന്‍ മണ്‍പാത്രങ്ങൾ

Aswathi Kottiyoor

അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
WordPress Image Lightbox