24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *എന്നോടു ക്ഷമിക്കില്ലേ’ എന്ന് ചോദിച്ച് കത്തി കുത്തിയിറക്കി; ഷെർബിൻസിന് മരണത്തിൽ നിന്നൊരു റിട്ടേൺ ടിക്കറ്റ്.*
Kerala

*എന്നോടു ക്ഷമിക്കില്ലേ’ എന്ന് ചോദിച്ച് കത്തി കുത്തിയിറക്കി; ഷെർബിൻസിന് മരണത്തിൽ നിന്നൊരു റിട്ടേൺ ടിക്കറ്റ്.*

2023 ഫെബ്രുവരി 17നു രാത്രിയാണു ഷെർബിൻസിന്റെ മരണം സ്ഥിരീകരിച്ചത്. മരിച്ചവർക്കു വേണ്ടി പ്രാർഥിക്കാൻ പറ‍ഞ്ഞ് ആശ്വസിപ്പിച്ചശേഷം ശേഷം ഡോക്ടർമാരുടെ സംഘം വിടവാങ്ങി. എന്നാൽ ഷെർബിൻസിനായുള്ള ഭാര്യ ശിൽപയുടെയും സഹോദരി ഷിബിയുടെയും കണ്ണീരിൽ കുതിർന്ന കാത്തിരിപ്പു കണ്ടില്ലെന്നു വയ്ക്കാൻ ഡോക്ടർമാരുടെ സംഘത്തലവനായ ഈജിപ്റ്റുകാരൻ ഡോ.മാജിദിനു കഴിഞ്ഞില്ല. ആ തീരുമാനം പേരാവൂർ പെരുമ്പുന്ന മഠപ്പുരച്ചാൽ പഴയപറമ്പിൽ വീട്ടിൽ ഷെർബിൻസ് തോമസിനു നൽകിയത് ഒരു പുനർജന്മം.കൊല്ലത്ത് ആശുപത്രിയിൽ ഡോ.വന്ദനയെ സന്ദീപ് എന്ന അപരിചിതൻ കുത്തിക്കൊലപ്പെടുത്തിയതു മേയ് പത്തിനാണ്. എന്നാൽ അതിനും 2 മാസം മുൻപ് കൃത്യം 2023 ഫെബ്രുവരി 3ന് ദുബായിലെ ജോലി സ്ഥലത്ത് അപരിചിതന്റെ ആക്രമണത്തിനിരയായ ഷെർബിൻസിന് ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. മരണമുഖത്തു നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയ അവിശ്വസനീയ ഉയർത്തെഴുന്നേൽപിനെക്കുറിച്ച്, നീതി ലഭിക്കാനായി കൂടെനിന്ന ദുബായ് ഭരണകൂടത്തെക്കുറിച്ച്, തിരികെ ജീവിതത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഷെർബിൻസ് പറയുന്നു.

കണ്ണൂർ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം ഫാമിന് അതിരിടുന്ന ബാവലിപ്പുഴയുടെ തീരത്തെ കൊച്ചു വീട്ടിലാണെങ്കിലും ഷെർബിൻസിന്റ മനസ്സിപ്പോഴും ദുബായിലെ ജോലിസ്ഥലത്താണ്. നാലു മാസം മുൻപുള്ള ആ സായാഹ്നത്തിന്റെ ഓർമകളുടെ നടുക്കത്തിൽ നിന്നു ഷെർബിൻസ് തോമസ് (38) ഇനിയും മോചിതനായിട്ടില്ല. ശരീരത്തിലുടനീളം വെട്ടുകൊണ്ട പാടുകൾ. തുന്നിപ്പിടിപ്പിച്ച ശരീരത്തിലെ മുറിവുകൾ നൽകുന്ന വേദനയെക്കാൾ ഷെർബിൻസിന്റെ മനസ്സു നീറ്റുന്നത് കുത്തി വീഴ്ത്തിയ സുബൈറിനോടുള്ള ചോദ്യങ്ങളാണ്. എന്തിനായിരുന്നു അത്?… ക്ഷമിച്ചിട്ടും എന്നെ കൊന്നു കളയാം എന്നു കരുതുതാനുള്ള പ്രകോപനം എന്തായിരുന്നു?2023 ഫെബ്രുവരി മൂന്നിനാണു ദുബായ് ഡി6 ഇന്റർനാഷനൽ സിറ്റിയിലെ ഗോൾഡൻ ഫിംഗർ റസ്റ്ററന്റിലെ ഷെഫായിരുന്ന ഷെർബിൻസിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം നടന്നത്.

2023 ഫെബ്രുവരി 1
അന്നാണു ഗോൾഡൻ ഫിംഗർ റസ്റ്ററന്റ് ഉടമയായ ഷെരീഫിന്റെ പരിചയത്തിലുള്ള കൂത്തുപറമ്പ് സ്വദേശി സുബൈർ (53) ഈ സ്ഥാപനത്തിൽ ജോലിക്കെത്തുന്നത്. മറ്റൊരു വീസയിൽ ഷാർജയിൽ ജോലിക്കെത്തിയ സുബൈർ അവിടത്തെ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ഷെരീഫിനോടു നിരന്തരം അഭ്യർഥിച്ചാണു ജോലി നേടിയത്. ബിരിയാണി സ്പെഷലിസ്റ്റ് ആണെന്നു പറഞ്ഞാണ് സുബൈർ അവിടെ എത്തിയത്.
പുതിയതായി ജോലിക്കെത്തിയ കണ്ണൂരുകാരനെ കണ്ടുവെങ്കിലും ജോലിത്തിരക്കു കാരണം കൂടുതൽ സംസാരിക്കുവാനോ പരിചയപ്പെടുവാനോ ഷെർ‌ബിൻസിനു കഴിഞ്ഞില്ല. രണ്ടിന് ഷെർബിൻസ് അവധിയെടുത്തതിനാൽ പിന്നീടു സുബൈറിനെ കണ്ടതു മൂന്നാം തിയതിയാണ്. എന്നാൽ അതിനകം തന്നെ കിച്ചണിലെ മറ്റു ജീവനക്കാരുമായി സുബൈർ നിസ്സാര കാര്യങ്ങൾക്കു വാക്കേറ്റം നടത്തിയിരുന്നു. വിടാൻ മാനേജരെ ചുമതലപ്പെടുത്തി. നിരാശനായ സുബൈർ റസ്റ്ററന്റിൽ നിന്നു റൂമിലേക്കു മടങ്ങി.

മുറിയിലേക്കു പോയ സുബൈർ വസ്ത്രം മാറി മാനേജരെ കാണണമെന്ന് ആവശ്യപ്പെട്ട് റസ്റ്ററന്റിൽ തിരിച്ചെത്തി. സാധാരണയിൽ നിന്നു വ്യത്യസ്തമായി ഫുൾ കൈ ഷർട്ടാണ് അയാളുടെ വേഷം. എന്നാൽ 6 മുതൽ 8 വരെ മാനേജരുടെ ഫ്രീ ടൈം ആയതിനാൽ കാണാനാകില്ലെന്നും 3 ദിവസം ജോലി ചെയ്തതിന്റെ കൂലി ഓഫിസിൽ നിന്നു വാങ്ങിക്കൊള്ളാനും അറിയിച്ചു. പക്ഷേ മാനേജരുടെ കയ്യിൽ നിന്നു മാത്രമേ പണം വാങ്ങൂവെന്നു സുബൈർ വാശിപിടിച്ചു. തുടർന്ന് ചെറിയ വാക്കേറ്റം ഉണ്ടായെങ്കിലും ഈ സമയം അവിടെ നിന്നിറങ്ങിയ സുബൈർ അടുക്കളയിലെത്തി ജോലിക്കാരോടു സംസാരിച്ചുകൊണ്ടിരുന്നു. ഷെർബിൻസിന്റെ മുഖത്തു നോക്കിയില്ല. സംസാരം കഴിഞ്ഞ് പെട്ടെന്ന് ഷെർബിൻസിന്റെ മുഖത്തു നോക്കി അസഭ്യം പറഞ്ഞു.രാത്രി 8.30 ആയതോടെ സുബൈർ അടുക്കളയിലേക്കു കയറി വന്നു. ഷെർബിൻസിന്റെ അടുക്കലെത്തി ‘എന്നോടു ക്ഷമിക്കില്ലേ’ എന്നു ചോദിച്ചു. ദേഷ്യമില്ലെന്ന് ഷെർബിൻസ് മറുപടി നൽകി. അതും പറഞ്ഞു തിരിഞ്ഞ ഷെർബിൻസിന്റെ പുറത്ത് സുബൈർ കത്തി കുത്തിയിറക്കിയിരുന്നു. ഫുൾക്കൈ ഷർട്ടിൽ ഒളിപ്പിച്ചു വച്ച കത്തികൊണ്ടാണ് സുബൈർ കുത്തിയത്. സുബൈർ കുത്തിയിറക്കിയ കത്തി വട്ടംകറക്കി തിരിച്ച് വലിച്ചൂരി. തടയാൻ ശ്രമിച്ചതോടെ ഇടത്തേ കൈയ്ക്കും വെട്ടേറ്റു. രക്ഷപ്പെടുത്താൻ ശ്രമിച്ചവരെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തിയ സുബൈർ ഒരാളെയും ഷെർബിൻസിന്റെ അടുക്കലേക്കു വരാൻ സമ്മതിച്ചില്ല. നിസ്സഹായനായ ഷെർബിൻസ് രക്തം വാർന്ന് നിലത്തുവീണു. അടുക്കളയിൽ ചോര തളം കെട്ടി. ഇതിനകം വിവരമറിയിച്ചതിനെത്തുടർന്ന് ആംബുലൻസും രക്ഷാപ്രവർത്തകരും എത്തിയെങ്കിലും അവരെയും സുബൈർ തടഞ്ഞു. ഒടുവിൽ തോക്കുമായി ദുബായ് പൊലീസെത്തി സുബൈറിനെ വിലങ്ങണിയിച്ചതോടെയാണ് രക്ഷാപ്രവർത്തകർക്ക് ഷെർബിൻസിന്റെ അടുക്കലെത്താൻ കഴിഞ്ഞത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ഷെർബിൻസിന്റെ കണ്ണിൽ കാഴ്ചകൾ മങ്ങി. ശ്വാസമെടുക്കാൻ കഴിയാതെയായി. മനസ്സിനും ശരീരത്തിനും തൂവൽ ഭാരം അനുഭവപ്പെട്ടു. പതിയെ ഓർമകളും നിറങ്ങളും അയാൾക്ക് മുൻപിൽ നിന്ന് അപ്രത്യക്ഷമായി.ചുവട്ടിൽ ശിൽപ തളർന്നിരുന്നു. സഹോദരന്റെ ജീവനറ്റ ശരീരം കാണാനാകാതെ ഷിബി അലറിക്കരഞ്ഞു. ഏതാനും മണിക്കൂറുകൾ കടന്നുപോയി. വെളുപ്പിന് 4.45ന് മയങ്ങിക്കിടന്ന ശിൽപ എന്തോ ശബ്ദംകേട്ടു കണ്ണു തുറന്നപ്പോൾ ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന ശേഷം പെട്ടെന്നു തന്നെ തിരികെ കിടക്കയിലേക്കു വീഴുന്ന ഷെർബിൻസിനെയാണു കണ്ടത്. പേടിച്ചുപോയ ശിൽപ കരഞ്ഞു നിലവിളിച്ച് വെന്റിലേറ്ററിനു പുറത്തേക്കോടി. വിവരമറിഞ്ഞ ഡോ. മാജിദും സംഘവും ഓടിയെത്തി. അവിശ്വസനീയതോടെ ഷെർബിൻസിനെ നോക്കി.. പരിശോധനയിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുന്ന രക്തക്കുഴൽ തിരിച്ചറി‍ഞ്ഞു. ഉടൻ തന്നെ അത് ക്ലിപ്പിട്ടു നിർത്തി. മരിച്ചെന്നു വിധിയെഴുതിയ ഷെർബിൻസ് പുതുജീവിതത്തിലേക്കു തിരിച്ചെത്തി.രണ്ടാം ജന്മം

21 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ഷെർബിൻസിനു 13 കിലോ ഭാരം കുറഞ്ഞു. വെട്ടുകൊണ്ടു മുറിഞ്ഞ ഇടതു കൈപ്പത്തി തുന്നിപ്പിടിപ്പിച്ചു. ചെറുതും വലുതുമായ 8 ശസ്ത്രക്രിയകൾ. പൂർണമായും കിടപ്പിലായ ദിവസങ്ങൾ. ശരീരത്തെ ചലിപ്പിക്കാൻ ഫിസിയോതെറപ്പി. എല്ലാറ്റിനുമൊടുവിൽ മാർച്ച് 24ന് ഡിസ്ചാർജായി. 8 ലക്ഷം രൂപയുടെ കടം തീർക്കാനായി പ്രവാസിയായ ഷെർബിൻസിനു മുന്നിൽ 30 ലക്ഷത്തിലേറെയുള്ള ആശുപത്രി ബിൽ ചോദ്യചിഹ്നമായി. എന്നാൽ സുമനസ്സുകളും ദുബായ് ഭരണകൂടവും അവിടെയും സഹായത്തിനെത്തി. ഇൻഫെക്‌ഷൻ ആകാതിരിക്കാനായി ഷെർബിൻസിനായി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക താമസ സൗകര്യം ഒരുക്കിയിരുന്നു.സുബൈറിനെ കീഴ്പ്പെടുത്തിയ ദുബായ് പൊലീസ് ഇതിനോടകം തെളിവുകളും ശേഖരിച്ചിരുന്നു. എന്നാൽ കേസിനായി ദുബായിൽ തുടരാനാകില്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്കു പോകുകയാണെന്നും ഷെർബിൻസ് അധികാരികളെ അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി പരിഗണിച്ച് 3 ദിവസത്തിനകം ഷെർബിൻസിനായി പ്രത്യേക കോടതി സൗകര്യം ദുബായ് പൊലീസ് ഒരുക്കി. 27ന് കേസ് വാദിച്ചു. അന്നു തന്നെ ശിക്ഷയും വിധിച്ചു ;20 വർഷം കഠിന തടവ്.

ആശുപത്രി വാസവും മരണവും അതിജീവനവും കേസും കഴിഞ്ഞ് മാർച്ച് 28ന് ഷെർബിൻസ് മഠപ്പുരച്ചാലിലെ വീട്ടിലെത്തി. ഉടനെയൊന്നും എഴുന്നേറ്റു നിൽക്കില്ലെന്ന വിധിയെഴുത്തുകൾക്ക് ചെവി കൊടുക്കാതെ 60 ദിവസത്തിനുള്ളിൽ മുറിയിൽ നിന്നു പുറത്തേക്കു വന്നു. അമ്മ ഷേർലിയുടെ കയ്യിൽപ്പിടിച്ച് ജീവിതത്തിലേക്കു പിച്ചവയ്ക്കുകയാണ് ഷെർബിൻസ്. ഫിസിയോതെറപ്പി ഇപ്പോഴും തുടരുന്നു.

Related posts

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്‌ഷൻ സെന്ററുകൾ വരുന്നു.

Aswathi Kottiyoor

തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം

Aswathi Kottiyoor

സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്

Aswathi Kottiyoor
WordPress Image Lightbox