ട്രോളിംഗ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനം പൊടിപൊടിക്കുന്നു. ഇത്തവണ കേരളതീരത്ത് മത്തി (ചാള) ചാകരയാണ്. കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ വള്ളം നിറയെ മത്സ്യവുമായിട്ടാണ് തിരിച്ചെത്തുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് ദിവസം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീങ്ങിയതോടെയാണ് മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക് പോയത്.കൊല്ലം അഴീക്കൽ, കൊടുങ്ങല്ലൂരിലെ അഴീക്കോട് തുറമുഖങ്ങളിൽ നിന്ന് കടലിലേക്ക് പോയ വള്ളങ്ങൾ നിറയെ മത്തിയുമായാണ് തിരിച്ചെത്തിയത്. കൊടുങ്ങല്ലൂർ അഴീക്കോടിലെ വള്ളത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം രൂപയുടെ മത്തിയാണ് ലഭിച്ചത്. മറ്റു ചില വള്ളക്കാർക്ക് 4 ലക്ഷം മുതൽ 10 ലക്ഷം രൂപയുടെ വരെ മത്തി ലഭിച്ചിട്ടുണ്ട്. ട്രോളിംഗ് ഉള്ളതിനാൽ മത്സ്യത്തിന് വലിയ ക്ഷാമമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ വള്ളങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യത്തിന് പൊള്ളുന്ന വിലയാണ്.
ട്രോളിംഗ് നിരോധനത്തിന് മുൻപ് വരെ കുട്ട എന്ന കണക്കിനാണ് മത്സ്യം ലേലം ചെയ്തിരുന്നത്. എന്നാൽ, ആവശ്യകത വർദ്ധിച്ചതോടെ കിലോ കണക്കിനാണ് ഇത്തവണ ലേലം നടക്കുന്നത്. കഴിഞ്ഞ ദിവസം അഴീക്കലിൽ ഒരു കിലോ മത്തിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില ലഭിച്ചത്. ഇവ മാർക്കറ്റിൽ എത്തുന്നതോടെ കിലോയ്ക്ക് 320 രൂപ വരെയായി ഉയരും.