26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • *കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഗൗതംഘോഷ് ജൂറി ചെയര്‍മാന്‍.*
Uncategorized

*കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഗൗതംഘോഷ് ജൂറി ചെയര്‍മാന്‍.*

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയുടെ ചെയര്‍മാനായി ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിനെ നിയമിച്ചു.

2022-ലെ ചലച്ചിത്ര പുരസ്‌കാരമാണ് നിര്‍ണയിക്കുന്നത്. 1980 മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന ഗൗതംഘോഷിന് മികച്ച ചിത്രം, മികച്ച പ്രാദേശിക ഭാഷാ ചിത്രം, ദേശീയോദ്ഗ്രഥന ചിത്രം, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 17 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംവിധായകനും കലാസംവിധായകനും ചിത്രകാരനും ശില്പിയുമായ നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകനും ആര്‍ട്ടിസ്റ്റുമായ കെ.എം. മധുസൂദനന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

എഴുത്തുകാരായ വി.ജെ. ജെയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ്, നിര്‍മാതാവ് ബി. രാകേഷ്, സംവിധായകന്‍ സജാസ് റഹ്മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

അന്തിമ വിധിനിര്‍ണയ സമിതിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരും അംഗങ്ങളായിരിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.സി. നാരായണനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. എഴുത്തുകാരായ കെ. രേഖ, എം.എ. ദിലീപ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. 154 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ എട്ട് എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ജൂണ്‍ 19-ന് ജൂറി സ്‌ക്രീനിങ് തുടങ്ങും.

Related posts

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ

Aswathi Kottiyoor

നവകേരള സ്ത്രീസദസ്സ്: പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox