കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയ കാസർഗോഡ് ജില്ലയിലെ കര്‍ഷകരെ കൂടുതല്‍ ആശങ്കയിലാക്കി അതിര്‍ത്തിയായ കര്‍ണാടക കുടക് ജില്ലയില്‍ കാട്ടാനകളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
കഴിഞ്ഞ മേയ് മാസത്തില്‍ മൂന്നു ഘട്ടമായി നടത്തിയ കണക്കെടുപ്പില്‍ 1103 ആനകളെയാണ് കുടക് വനമേഖലയില്‍ കണ്ടെത്തിയത്. കാപ്പിത്തോട്ടങ്ങളിലും വന്യജീവി സങ്കേതങ്ങളിലും തമ്പടിച്ച ആനകളുടെ എണ്ണം കൂടി ചേരുമ്പോള്‍ എണ്ണം ഇതിനേക്കാള്‍ കൂടുമെന്ന വിലയിരുത്തലിലാണ് കര്‍ണാടക വനംവകുപ്പ്.
കുടക് ജില്ലയിലെ മടിക്കേരി, വിരാജ്പേട്ട, നാഗര്‍ഹൊള വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ 23 മേഖലകളിലായാണ് കണക്കെടുപ്പ് നടത്തിയത്. 800 വനപാലകര്‍ 200 സംഘങ്ങളായി തിരിഞ്ഞായിരുന്നു കണക്കെടുപ്പ്.
കുടക് ജില്ലയുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയില്‍ കാസര്‍ഗോഡിനെ സംബന്ധിച്ച് വലിയ ഭീഷണിയാണിത്.
പനത്തടി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകള്‍ കുടക് ജില്ലയുമായി നേരിട്ടു അതിര്‍ത്തി പങ്കിടുന്നവയാണ്. ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ ഇടയില്‍ ചെറിയ ഭാഗം ദക്ഷിണ കന്നഡ ജില്ലയിലാണെങ്കിലും ഒരേ വനമാണ്. കുടകില്‍ നിന്നു 100-125 കിമീ ദൂരമേ ഇവിടേക്കുള്ളൂ. ആനകളെ സംബന്ധിച്ചു ഇതു ഒരു ദൂരമേ അല്ലെന്നു വിദഗ്ധര്‍ പറയുന്നു.
കുടകില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതലാണ് ഈ ആനകളുടെ വംശവര്‍ധന. അതുകൊണ്ടു തന്നെ ഇവ നാട്ടിലേക്കിറങ്ങാനുള്ള സാധ്യതയും കൂടുതലാണ്. കുടക് മേഖലയില്‍ നിന്നെത്തിയ ആനക്കൂട്ടമാണ് ഇപ്പോള്‍ ഇവിടെ നാശം വിതച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായാണ് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്ന് ആനകള്‍ എത്തിത്തുടങ്ങിയത്.ആദ്യമൊക്കെ മാസങ്ങളുടെ ഇടവേളകളില്‍ വന്നും പോയുമിരുന്ന ആനക്കൂട്ടം കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പോകാതെ ഇവിടെ തുടരുകയാണ്. അവിടെ ആനകളുടെ എണ്ണക്കൂടുതല്‍ തന്നെയാകാം ഇവ തിരിച്ചുപോകാത്തതിനു കാരണമെന്നു സംശയിക്കാം.
കര്‍ണാടക അതിര്‍ത്തിയില്‍ പൂര്‍ണമായും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അവിടെ നിന്നു കൂടുതല്‍ ആനകള്‍ ജില്ലയിലെത്തി നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ 20ലേറെ ആനകള്‍ ഉണ്ട്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈ എടുത്ത് 17 കിലോമീറ്റര്‍ സോളാര്‍ തൂക്കുവേലി നിര്‍മിച്ചിട്ടും ആനകളെ വനംവകുപ്പ് വേലി കടത്തി വിട്ടിട്ടില്ല. ഇവയെ തന്നെ തുരത്താന്‍ പ്രയാസപ്പെടുന്നതിനിടെ പുതിയ വിവരങ്ങള്‍ വനംവകുപ്പിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
കുടക് ജില്ലയിലെ കാട്ടാനകളുടെ വംശ വര്‍ധന മുന്‍കൂട്ടി കണ്ട് ഇവിടെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലാകും. ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ ഇപ്പോള്‍ 17 കിലോമീറ്റര്‍ സോളാര്തൂക്കുവേലി ഉണ്ട്.
ബാക്കി ഭാഗങ്ങളിലും ഇതേ വേലി നിര്‍മിച്ച് അതിര്‍ത്തി പൂര്‍ണമായും അടച്ചില്ലെങ്കില്‍ ക്രമേണ അവിടെയുള്ള ആനകള്‍ ഇങ്ങോട്ടെത്താന്‍ സാധ്യതയുണ്ട്. ജനപ്രതിനിധികളും ജില്ലാഭരണകൂടവും വനംവകുപ്പും ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.