നഗരത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ച കൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാൾ. ഇതോടനുബന്ധിച്ച് ശനിയാഴ്ച യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. 20 രൂപ നിരക്കിൽ യാത്രചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേദിവസവും തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം 20 രൂപക്ക് എത്ര ദൂരം വേണമെങ്കിലും ഒരുതവണ യാത്രചെയ്യാം. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ ജനങ്ങൾ കൂടുതലായി ആശ്രയിച്ചുതുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്രചെയ്തത്. മേയിൽ അത് 98,766 ആയി ഉയർന്നു.
മേയിൽ 12 ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം പേർ യാത്രചെയ്തു. കൂടാതെ 13 ദിവസം തൊണ്ണൂറ്റി അയ്യായിരത്തിലധികംപേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരംയാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ച് ശനിയാഴ്ച കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്ക് കാർഡിന്റെ ഫീസ് കാഷ്ബാക്കായി ലഭിക്കുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.