കിളിയന്തറയിലെ എക്സൈസ് ചെക്ക്‌പോസ്‌റ്റ് ജില്ലാ അതിർത്തിയിലെ കൂട്ടുപുഴയിലേക്ക് മാറ്റി. തിങ്കളാഴ്‌ചമുതൽ കൂട്ടുപുഴയിലാണ് ചെക്‌പോസ്റ്റ് പ്രവർത്തിക്കുക.
കർണാടകത്തിൽനിന്ന് മാക്കൂട്ടം അന്തർസംസ്ഥാന പാതവഴി കൂട്ടുപുഴയിൽ എത്തുന്ന ലഹരിക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ വാഹന പരിശോധന ജില്ലാ, സംസ്ഥാന അതിർത്തിയിലാവണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ചെക്ക്‌പോസ്റ്റിന്റെ സ്ഥലം മാറ്റം. കണ്ടെയ്നർ ചെക്ക്‌പോസ്റ്റാണ് കൂട്ടുപുഴയിൽ സജ്ജമാക്കിയത്. നേരത്തെ കിളിയന്തറ എക്‌സൈസ് ചെക്‌പോസ്‌റ്റ് വഴി പോകാതെ പല വാഹനങ്ങളും പേരട്ട, കച്ചേരിക്കടവ് പാലം തുടങ്ങിയ മാർഗങ്ങളിലൂടെ അധികൃതരെ വെട്ടിച്ച് പോവുന്നത് പതിവാക്കിയിരുന്നു. ഇത് തടയാൻകൂടിയാണ് ചെക്ക്‌പോസ്‌റ്റ് കൂട്ടുപുഴയിലേക്ക് മാറ്റുന്നത്. കൂട്ടുപുഴയിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റും പ്രവർത്തിക്കുന്നുണ്ട്.