ഗതാഗതക്കുതിപ്പിന് അതിവേഗം പകർന്ന് വടക്കൻകേരളത്തിലെ ദേശീയപാത ഒരുങ്ങുന്നു. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ചിന്റെ വികസനം അമ്പതുശതമാനം പൂർത്തിയായി. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക് നീങ്ങും. ഇതിൽ ആറുവരി ദേശീയപാതയും രണ്ട് വരി സർവീസ് റോഡുമാണ്.
തലപ്പാടി –-ചെങ്കള റീച്ചിൽ 40.6 കിലോമീറ്റർ റോഡാണ് പൂർത്തീകരണത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു റീച്ചിൽ പകുതി പണി പൂർത്തിയായി വാഹനങ്ങൾ കുതിച്ചുതുടങ്ങിയത്. അഞ്ച് വലിയ പാലവും നാല് ചെറുപാലവും കാസർകോട് ടൗണിലടക്കം രണ്ട് മേൽപ്പാലവും ഈ റീച്ചിലുണ്ട്. ഇതിൽ മഞ്ചേശ്വരം പാലം പണിപൂർത്തിയായി. 1.130 കിലോമീറ്ററുള്ള കാസർകോട് മേൽപ്പാലം പണി 40 ശതമാനമാണ് തീർന്നത്. അടുത്ത വർഷം മേയിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (യുഎൽസിസി) മുമ്പേ പ്രഖ്യാപിച്ചതാണ്.
ആറ് വലിയ അടിപ്പാതയിൽ രണ്ടെണ്ണം പണി പൂർത്തിയായി തുറന്നുകൊടുത്തു. മൂന്നിടത്ത് പാതി നിർമാണം കഴിഞ്ഞു. ഇതടക്കം മൊത്തം 21 അടിപ്പാതയാണ് ആദ്യ റീച്ചിലുള്ളത്. എട്ടെണ്ണം പൂർത്തിയായി. എട്ടെണ്ണത്തിന്റെ പാതി പണിയും കഴിഞ്ഞു.ഹൊസങ്കടിയിലും ബന്തിയോട്ടും പാലത്തിന് മുകളിലൂടെയാണ് വാഹന ക്രോസിങ് (വെഹിക്കിൾ ഓവർ പാസ്). ഈ സംവിധാനം ഹൊസങ്കടിയിൽ പൂർത്തിയായി. ഇവിടെ പാലത്തിന് താഴെയാണ് ആറുവരിപ്പാത.
കരാർ പ്രകാരം അടുത്ത വർഷം മേയിലാണ് ഊരാളുങ്കൽ സൊസൈറ്റി പണി തീർക്കേണ്ടത്. സമയത്തുതന്നെ പാത സജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു. സ്ഥലമേറ്റെടുക്കാനാകാതെ യുഡിഎഫ് കാലത്ത് ഉപേക്ഷിച്ച ദേശീയപാത വികസനമാണ്, 25 ശതമാനം ഫണ്ട് സംസ്ഥാന സർക്കാർ നൽകിയതോടെ അതിവേഗം സ്ഥലമേറ്റെടുത്ത് പൂർത്തിയാക്കുന്നത്.