നിലവിൽ ഗുജറാത്ത് തീരത്തുനിന്ന് 220 കിലോമീറ്റർ അകലെയാണ് ബിപോർജോയ്. ഇതു നാലു മണിയോടെ സൗരാഷ്ട്ര, കച്ച് തീരങ്ങളിലും അതിനോടു ചേർന്നുള്ള മാണ്ഡവി – കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാൻ തീരത്തുമായി കരതൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റഗറി 3ലെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിപോർജോയ് കരതൊടുമ്പോൾ മണിക്കൂറിൽ 140–150 കിലോമീറ്റർ വേഗതയുണ്ടായേക്കുമെന്നാണു മുന്നറിയിപ്പ്. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.