ചെന്നൈ: ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് ഇ.ഡി നടപടി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കരയുന്ന മന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഉദനനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെ. ഭരണകാലത്തെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡി.എം.കെ.യില്‍ ചേരുകയായിരുന്നു. ബാലാജിയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം ഇടങ്ങളില്‍ കഴിഞ്ഞമാസം തുടര്‍ച്ചയായി എട്ടുദിവസം ആദായനികുതി റെയ്ഡ് നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ബാലാജിയുടെ ചെന്നൈയിലെയും ജന്മനാടായ കരൂരിലെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ പന്ത്രണ്ടിടത്ത് കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്.