തലശ്ശേരി: തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുന്നതിന് തലശ്ശേരി വികസന വേദി ഭാരവാഹികൾ മേഖലയിലെ എം.എൽ.എമാരെ നേരിൽകണ്ട് ചർച്ച നടത്തി. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്, പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്, കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനൻ എന്നിവരുമായാണ് വികസനവേദി ഭാരവാഹികൾ ചർച്ച നടത്തിയത്. രക്ഷാധികാരി മേജർ പി. ഗോവിന്ദൻ, പ്രസിഡന്റ് കെ.വി. ഗോകുൽദാസ്, ജനറൽ സെക്രട്ടറി സജീവ് മാണിയത്ത്, വൈസ് പ്രസിഡന്റ് ഇ.എം. അഷറഫ്, കോൺഗ്രസ് മൈനോറിറ്റി വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായൻ എന്നിവരാണ് എം.എൽ.എമാരെ സന്ദർശിച്ചത്.
തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുന്നതിന് പൂർണ പിന്തുണയും ശക്തമായ ഇടപെടലുകളും ഉണ്ടാകുമെന്ന് എം.എൽ.എമാർ ഉറപ്പുനൽകി. കേരള മുഖ്യമന്ത്രി, കർണാടക മുഖ്യമന്ത്രി, റെയിൽവേ മന്ത്രി, കേരള നിയമസഭ സ്പീക്കർ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജ, വയനാട് എം.എൽ.എമാർ എന്നിവരെ നേരിൽകണ്ട് തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് അഭ്യർഥിക്കും.
തുടർന്ന് മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുമായും ബന്ധപ്പെട്ട് ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന സ്വപ്നപദ്ധതി ഉടൻ യാഥാർഥ്യമാക്കാൻ എല്ലാ ശ്രമങ്ങളും തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.