23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാർട്ടിലൈൻ മാധ്യമസ്വാതന്ത്ര്യം; പക്ഷേ, വര പാർട്ടി വരയ്ക്കും !
Uncategorized

പാർട്ടിലൈൻ മാധ്യമസ്വാതന്ത്ര്യം; പക്ഷേ, വര പാർട്ടി വരയ്ക്കും !

തിരുവനന്തപുരം∙ മോദി സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നും വ്യാജക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നുവെന്നും ‌സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഫെയ്സ്ബുക് കുറിപ്പിട്ടത് ഇന്നലെയാണ്. എന്നാൽ മാധ്യമപ്രവർത്തകരെ കേസിൽ പെടുത്തുമെന്ന സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി കണ്ട ഭാവമില്ല. പറയുന്നത് തങ്ങൾക്കെതിരെ ആണെങ്കിൽ മാധ്യമങ്ങളെ ആക്രമിക്കുക, രാഷ്ട്രീയ എതിരാളികൾക്കെതിരെ ആണെങ്കിൽ മാധ്യമങ്ങളെ പിന്തുണയ്ക്കുക– സിപിഎമ്മിന്റെ മാധ്യമസമീപനം കാലങ്ങളായി ഇതാണെന്ന വിമർശനമുണ്ട്. ഭരണമുള്ളിടത്ത് ഒരു നിലപാടും മറ്റിടങ്ങളിൽ വേറിട്ട നിലപാടും സ്വീകരിച്ചതിന്റെ ഉദാഹരണങ്ങളും ഒട്ടേറെ. ഭരണം നഷ്ടപ്പെട്ട ബംഗാളിലും ത്രിപുരയിലും മാധ്യമങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന വിലാപമുണ്ട്.
ഭരണകൂടത്തിന്റെ അടിച്ചമർത്തലും ഭയപ്പെടുത്തലുമാണു മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കുള്ള ഏറ്റവും വലിയ ഭീഷണിയെന്നാണ് കഴിഞ്ഞ മാസം ഇംഗ്ലിഷ് മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യിൽ മുഖപ്രസംഗമെഴുതിയത്. ഭരണകൂടത്തിനെതിരെ വാർത്ത നൽകുന്നവരെ നിയമത്തിന്റെ കുരുക്കുപയോഗിച്ചു പൂട്ടുകയാണെന്നും വിമർശിച്ചു. മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ 161–ാം സ്ഥാനത്താണെന്ന റിപ്പോർട്ട് പുറത്തുവന്നപ്പോഴായിരുന്നു മുഖപ്രസംഗം. ഡിജിറ്റൽ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനു കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നപ്പോൾ, ജനാധിപത്യവിരുദ്ധമെന്നായിരുന്നു പാർട്ടിയുടെ നിലപാട്. കേന്ദ്രസർക്കാരിനെതിരെയുള്ള വാർത്തകൾക്കു സെൻസർഷിപ് കൊണ്ടുവരാനാണു നീക്കമെന്നു വിമർശിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ സർക്കാരിന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ കേരളത്തിൽ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞു മാധ്യമങ്ങളെ മുഖ്യമന്ത്രി പുറത്താക്കിയപ്പോഴും സെക്രട്ടേറിയറ്റിൽ കയറുന്നതിനു നിയന്ത്രണമേർപ്പെടുത്തിയപ്പോഴും പ്രതികരണമുണ്ടായില്ല.

രണ്ടു മലയാളം ചാനലുകൾക്കു കേന്ദ്രസർക്കാർ 48 മണിക്കൂർ നിരോധനമേർപ്പെടുത്തിയപ്പോൾ ഭരണകക്ഷിക്കെതിരെയുള്ള വാർത്തകൾ അടിച്ചമർത്താനാണു നോക്കുന്നതെന്നായിരുന്നു പിബിയുടെ പ്രസ്താവന. മര്യാദയ്ക്കു പെരുമാറണമെന്ന ഭീഷണിയാണു വിലക്കിലൂടെ കേന്ദ്രം നൽകിയതെന്ന രൂക്ഷവിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു. അറിയാനുള്ള അവകാശം ജനത്തിനും റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമങ്ങൾക്കുമുണ്ടെന്നു പറഞ്ഞ പിണറായി, ആർഎസ്എസിനെ വിമർശിക്കുന്നത് എങ്ങനെയാണു നിയമവിരുദ്ധമാവുകയെന്ന ചോദ്യവും ഉയർത്തിയിരുന്നു. ഇതേ മുഖ്യമന്ത്രിയുടെ പാർട്ടി സെക്രട്ടറിയാണ്, എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ കേസിൽപെടുത്തുമെന്ന ഭീഷണി മുഴക്കിയതെന്ന വൈരുധ്യമുണ്ട്.

പ്രസാർ ഭാരതിയുടെ വാർത്താ സ്രോതസ്സായി ഹിന്ദുസ്ഥാൻ സമാചാറിനെ നിയോഗിച്ചപ്പോൾ വിയോജിപ്പിന്റെ സ്വരം പുറത്തുവരരുത് എന്ന ഫാഷിസ്റ്റ് ഇംഗിതമാണു പ്രയോഗിക്കുന്നതെന്നു പിണറായി വിമർശിച്ചിരുന്നു. മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നതു ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും തടയുന്നവരെ നേരിടുമെന്നും പ്രസ്താവനയിറക്കിയത് എം.വി.ഗോവിന്ദനാണ്. സംസ്ഥാനത്ത് ആദ്യ പ്രദർശനം സംഘടിപ്പിച്ചത് എസ്എഫ്ഐയുമായിരുന്നു. കേരളത്തിൽ മാധ്യമങ്ങൾക്കു മറ്റു പാർട്ടികളിൽനിന്നു ഭീഷണി നേരിട്ടപ്പോഴൊക്കെ ‘രാഷ്ട്രീയനേട്ട’മുണ്ടാക്കാൻ നോക്കിയ സിപിഎം, പക്ഷേ തങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം മാധ്യമസ്വാതന്ത്ര്യം വേണ്ടെന്ന നിലപാടു തുടരുകയാണ്.

Related posts

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കൈയ്യിൽ വലിയ പൊതിയുമായി യുവാവ്, പരിശോധന കണ്ട് പരുങ്ങി, 3.18 കിലോ കഞ്ചാവ് !

Aswathi Kottiyoor

സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് എ.സി മൊയ്തീൻ.

Aswathi Kottiyoor
WordPress Image Lightbox