• Home
  • Uncategorized
  • *നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരണപ്പെട്ടു
Uncategorized

*നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരണപ്പെട്ടു

വടക്കൻ നൈജീരിയയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 103 പേർ മരിച്ചു. സംസ്ഥാന തലസ്ഥാനമായ ഇലോറിനിൽ നിന്ന് 160 കിലോമീറ്റർ (100 മൈൽ) അകലെയുള്ള ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയിൽ നൈജർ നദിയിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത്.
പ്രദേശത്ത് ഇപ്പോഴും കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സർക്കാർ വക്താവ് ഒകാസൻമി അജായ് പറഞ്ഞു. ഇതുവരെ 100 പേരെയോളം രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

മുങ്ങിമരിച്ചവരിൽ ഭൂരിഭാഗവും വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ബന്ധുക്കളായ ആളുകളാണ്, അവർ ഒരുമിച്ച് ഒരു വിവാഹത്തിൽ പങ്കെടുക്കുകയും രാത്രി വൈകി പിരിഞ്ഞുപോവുകയും ചെയ്യുകയായിരുന്നെന്ന് പ്രാദേശിക തലവനായ അബ്‌ദുൾ ഗാന ലുക്പാഡ പറഞ്ഞു. മോട്ടോർ സൈക്കിളുകളിലാണ് അവർ ചടങ്ങിനെത്തിയത്, എന്നാൽ മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിതോടെ പ്രാദേശികമായി നിർമ്മിച്ച ബോട്ടിൽ മടങ്ങേണ്ടി വരികയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

“ബോട്ടിൽ ഓവർലോഡ് ആയിരുന്നു, അതിൽ 300ഓളം പേർ ഉണ്ടായിരുന്നു. അതിനിടയിൽ ബോട്ട് വെള്ളത്തിനകത്തെ ഒരു വലിയ തടിയിൽ തട്ടി രണ്ടായി പിളർന്നു,” ലുക്പഡ പറഞ്ഞു.

അയൽ സംസ്ഥാനമായ നൈജറിലെ എഗ്ബോട്ടി ഗ്രാമത്തിലാണ് വിവാഹം നടന്നതെന്ന് താമസക്കാരനായ ഉസ്മാൻ ഇബ്രാഹിം പറഞ്ഞു. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്, പലരും എന്താണ് സംഭവിച്ചതെന്ന് അറിയാൻ മണിക്കൂറുകൾ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന് പിന്നാലെ സമീപത്തുള്ള ഗ്രാമവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തി, ആദ്യഘട്ടത്തിൽ അൻപതിലധികം പേരെ കരയിലേക്ക് കയറ്റി, എന്നാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു എന്നും വേഗത കുറവായിരുന്നുവെന്നും ലുക്പഡ പറഞ്ഞു.

ചൊവ്വാഴ്‌ച ഉച്ചവരെ, കൂടുതൽ മൃതദേഹങ്ങൾക്കായി ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്‌ച വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് പോലീസ് വക്താവ് അജായ് പറഞ്ഞു. വർഷങ്ങൾക്ക് ഇടയിൽ തങ്ങൾ കണ്ട ഏറ്റവും വലിയ ബോട്ടപകടമാണിതെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ, ഇതുവരെ കണ്ടെടുത്ത എല്ലാ മൃതദേഹങ്ങളും പ്രാദേശിക ആചാരങ്ങൾക്കനുസൃതമായി സമീപ പ്രദേശത്ത് തന്നെ സംസ്‌കരിച്ചതായി ലുക്പാഡ പറഞ്ഞു.

ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ ക്വാറ ഗവർണർ അബ്ദുൾറഹ്മാൻ അബ്ദുൾറസാഖിന്റെ ഓഫീസ്, “തിങ്കളാഴ്‌ച രാത്രി മുതൽ അതിജീവിക്കാൻ സാധ്യതയുള്ളവരെ തേടിയുള്ള രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്ന്” അറിയിക്കുകയും ചെയ്‌തു.

നൈജീരിയയിലുടനീളമുള്ള പല വിദൂര മേഖലകളിലും ബോട്ട് അപകടങ്ങൾ സാധാരണമാണ്, ഇവിടങ്ങളിൽ പ്രാദേശികമായി നിർമ്മിച്ച ബോട്ടുകളാണ് ഗതാഗതത്തിനായി സാധാരണയായി ഉപയോഗിക്കുന്നത്. അമിതഭാരവും അറ്റകുറ്റപ്പണികൾ നടത്താത്ത ബോട്ടുകളുടെ ഉപയോഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.

Related posts

‘നടന്നത് ഗുരുതര വീഴ്ച’; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Aswathi Kottiyoor

സ്കൂൾ ബസ് ജീവനക്കാരന് പൊള്ളലേറ്റ് മരിച്ച നിലയിൽ; സമീപത്ത് ബൈക്കും കത്തിയ നിലയിൽ, സംഭവം ഇടുക്കിയില്‍

Aswathi Kottiyoor

കൂട്ടരാജി എടുത്തുചാട്ടം, ഉത്തരം മുട്ടല്‍; പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടു: ഷമ്മി തിലകന്‍

Aswathi Kottiyoor
WordPress Image Lightbox