വളർത്തുനായ്ക്കളും അയൽവീടുകളിലും മറ്റും ചുറ്റിനടക്കുന്ന ‘ഫാമിലി ഡോഗ്സ്’ എന്ന വർഗവും പ്രശ്നക്കാരല്ല. തെരുവുകളിലും ഹോട്ടലുകൾ, ആശുപത്രികൾ, കവലകൾ എന്നിവ കേന്ദ്രീകരിച്ചും ഉള്ള ‘കമ്യൂണിറ്റി ഡോഗ്സ്’ വർഗവും പൂർണ പ്രശ്നക്കാരല്ല.
എന്നാൽ, മനുഷ്യ സാമീപ്യമില്ലാതെ വളരുന്ന നായ്ക്കൾ പ്രശ്നക്കാരാണ്. കുട്ടികളെയും പൊക്കം കുറഞ്ഞവരെയും മറ്റും ഇരകളായ മൃഗങ്ങളായാണ് ഇവ കരുതുന്നത് എന്നതിനാലാണ് ആക്രമണം കൂടുതലായും കുട്ടികൾക്കു നേരെ നീളുന്നത്. തെരുവുനായ ശല്യം രൂക്ഷമായ ഒരു സ്ഥലത്ത് അതു കുറയ്ക്കണമെങ്കിൽ ആ പ്രദേശത്തെ നായ്ക്കളെ കുറഞ്ഞ കാലം കൊണ്ട് കുത്തിവയ്പിനു വിധേയമാക്കണം. 70% നായ്ക്കൾക്കെങ്കിലും കുത്തിവയ്പ് എടുത്താലേ ഗുണമുള്ളു. കൂടുതൽ നായ്ക്കളെ എബിസിക്കു വിധേയമാക്കി എന്ന കണക്കിൽ കാര്യമില്ല. ആൺ നായ്ക്കളാണു കൂടുതലായി വന്ധ്യംകരണ നടപടിക്കു വിധേയരാകുന്നതെന്നതും എബിസി പരാജയപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണെന്നും വിദഗ്ധർ വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെ നായ്ക്കളുടെ എണ്ണം
∙ വളർത്തുനായ്ക്കൾ 8.3ലക്ഷം ∙ തെരുവുനായ്ക്കൾ 2.89 ലക്ഷം
∙ പ്രതിരോധ കുത്തിവയ്പ് നൽകിയത് 4,38,473 ∙ കുത്തിവയ്പ് നൽകിയത് 32,061
∙ വന്ധ്യംകരിച്ചത് വിവരം ലഭ്യമല്ല ∙ വന്ധ്യംകരിച്ചത് 17,987
∙ എബിസി കേന്ദ്രങ്ങൾ: 19 ∙ നായപിടിത്തക്കാർ: 426
നായ്ക്കളെ കൊല്ലാൻ വീണ്ടും അനുമതി തേടും
തിരുവനന്തപുരം ∙ മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നു മന്ത്രി എം. ബി.രാജേഷ് പറഞ്ഞു. നായ ശല്യം നിയന്ത്രിക്കാൻ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് യോഗം വിളിച്ചു ചേർക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണിയും അറിയിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ പേവിഷ വാക്സീനും ഇമ്യൂണോഗ്ലോബുലിനും ക്ഷാമം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ നിന്നു പേവിഷ വാക്സീനും ഇമ്യൂണോഗ്ലോബുലിനും ബിപിഎൽ വിഭാഗത്തിനു മാത്രം സൗജന്യമായി നൽകിയാൽ മതിയെന്ന ശുപാർശയെക്കുറിച്ച് ആരോഗ്യവകുപ്പ് കൂടുതൽ ചർച്ചകൾ നടത്തും. മെഡിക്കൽ കോളജുകളിൽ നടത്തിയ പഠനത്തിലാണു ചികിത്സ തേടുന്നവരിൽ 70% പേർ എപിഎൽ വിഭാഗത്തിലാണെന്നു കണ്ടെത്തിയത്. മറ്റ് ആശുപത്രികളിലെ അവസ്ഥ കൂടി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ.
ആഹാരസമയത്ത് അടുക്കരുത്, ഓടരുത്
ആഹാരം കഴിക്കുമ്പോഴും നായ അതിന്റെ കുഞ്ഞുങ്ങളോടു കൂടെ ഉള്ളപ്പോഴും അവയെ ശല്യം ചെയ്യരുത്, പ്രത്യേകിച്ച് പ്രസവിച്ചു കിടക്കുന്ന നായ്ക്കളെ. ഭയന്നും ദേഷ്യപ്പെട്ടും ഇരിക്കുന്ന നായയുടെ അടുത്തു പോകരുത്. നായ അടുത്തു വരുമ്പോൾ ഓടാൻ ശ്രമിച്ചാൽ കൂടുതൽ ആക്രമണകാരിയാകും. നായ്ക്കളെ കല്ലെറിയുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.