ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകുമെന്നും ഹർജിയിൽ പറയുന്നു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
സംശയം തോന്നി അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്. ഇതിൽ ഐപിസി 468 മാത്രമാണു ജാമ്യമില്ലാ കുറ്റമെന്നും വ്യാജരേഖ ചമച്ചതിന്റെ തുടർച്ചയായി വഞ്ചന നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അതു ബാധകമാകില്ലെന്നുമാണു വാദം. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ജോലി നേടിയിട്ടില്ല.
ഈ കേസിൽ രേഖകളാണു പ്രധാനം. വ്യാജമായി ചമച്ചുവെന്നു പറയുന്ന സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കി മുൻകൂർ ജാമ്യം അനുവദിക്കണം. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹർജിക്കാരി അറിയിച്ചു. ജൂൺ 6നു കേസ് എടുത്തെങ്കിലും വിദ്യയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കെ.വിദ്യയ്ക്കെതിരെ എഐഎസ്എഫ്
കോലഞ്ചേരി ∙ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു കളങ്കം ചാർത്തുന്ന നടപടികളാണ് മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് എഐഎസ്എഫ് എറണാകുളം ജില്ലാ സമ്മേളനം.
സംസ്കൃത സർവകലാശാലയിൽ വിദ്യ പിഎച്ച്‌ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചാണെന്നും ഇതിനു കൂട്ടുനിന്ന മുൻ വിസിയുടെ നടപടി പ്രതിഷേധാർഹമാണെന്നും വിലയിരുത്തി.
സംസ്കൃത സർവകലാശാലയിലെ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ഉണ്ടെന്നും ഇതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും എഐഎസ്എഫ് പ്രമേയം ആവശ്യപ്പെട്ടു.