ശരീരത്തിന്റെ ഓരോഭാഗത്തും കമ്പിവടികൊണ്ട് ക്രൂരമായി അടിച്ചുവെന്ന് ജവാദ് പറഞ്ഞു. തലയില്‍ ഗുരുതരമായ മുറിവുണ്ടായി. കൈക്കും കാലിനും പുറത്തുമെല്ലാം പരിക്കേറ്റു. ചെവിക്ക് ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് കേള്‍വി തകരാറായി. കത്തികാട്ടി ഭീഷണി മുഴക്കി. ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തില്‍ പൊള്ളിക്കാന്‍ ശ്രമിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍പോലും പറ്റാതെ അവശനായി. ഒടുവില്‍ ദുബായിലുള്ള അമ്മാവനെ ഫോണില്‍ അറിയിച്ചശേഷം ജൂണ്‍ ഒന്നിന് അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന് സമീപം റോഡരികില്‍ ഇറക്കിവിടുകയായിരുന്നു.
മര്‍ദനദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് ബോധംകെട്ടുപോയെന്ന് ജവാദിന്റെ അമ്മയും പറഞ്ഞു. ജവാദിന്‍െ്‌റ പരാതിയില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേയ് 28നാണു യുഎഇയിലെ അജ്മാനില്‍ സ്വര്‍ണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലുദിവസം ക്രൂരമായി പീഡിപ്പിച്ചു. തുടര്‍ന്നു റോഡരികില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പോലീസെത്തിയാണ് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടില്‍ തിരിച്ചെത്തിയശേഷം ജവാദ് നല്‍കിയ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസെടുത്തിട്ടുണ്ട്.
പേരാമ്പ്ര മൂരികുത്തി സ്വദേശിക്കായി വാളൂര്‍ സ്വദേശിയുടെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം കിട്ടാത്തതിന്റെ പേരിലായിരുന്നു മര്‍ദനം. 65 ലക്ഷത്തിന്റെ സ്വര്‍ണമുണ്ടായിരുന്നതായി പറയുന്നു. വാളൂര്‍ സ്വദേശി മുഹമ്മദ് ജവാദിന്റെ നേരത്തേയുള്ള പരിചയക്കാരനായിരുന്നു. അതിനാല്‍ ജവാദിനും ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഒടുവില്‍ തനിക്ക് ഇതുമായി ബന്ധമില്ലെന്ന് മനസ്സിലായപ്പോഴാണ് വിട്ടയച്ചതെന്ന് മുഹമ്മദ് ജവാദ് പറയുന്നു.
ഈമാസം നാലിനാണ് ജവാദ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഈ സംഭവത്തില്‍ താമരശ്ശേരി സ്വദേശിയെയും തടങ്കലില്‍ വെച്ച് മര്‍ദിക്കുന്നുണ്ടായിരുന്നുവെന്നും ജവാദ് ഓര്‍മിക്കുന്നു.