എഴുതാത്ത പരീക്ഷ വിജയിച്ചതായി സർട്ടിഫിക്കറ്റ് വന്നതു സാങ്കേതികപ്പിഴവാണോ, പരീക്ഷാ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ, തെറ്റായ ഫലം വന്നതിനു പിന്നിൽ പ്രതികളുടെ ഇടപെടൽ ഉണ്ടോ എന്നീ കാര്യങ്ങളാണു പ്രധാനമായും അന്വേഷിക്കുക. കോളജിലെ ആർക്കിയോളജിക്കൽ വകുപ്പ് കോഓർഡിനേറ്റർ വിനോദ് കുമാർ കല്ലോലിക്കൽ, പ്രിൻസിപ്പൽ വി.എസ്.ജോയ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹാരാജാസ് കോളേജ് കെഎസ്‌യു യൂണിറ്റ് ഭാരവാഹി സി.എ.ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരെ ചോദ്യം ചെയ്തിട്ടില്ല. പരാതിക്കാരനിൽ നിന്ന് ഇനിയും പൊലീസ് മൊഴിയെടുത്തിട്ടുമില്ല.
മാർക്ക് ലിസ്റ്റ്: സോഫ്റ്റ്‌വെയറിലെ പിഴവു മൂലമെന്ന് റിപ്പോർട്ട്
കൊച്ചി ∙ എഴുതാത്ത പരീക്ഷയിൽ പി.എം.ആർഷോയ്ക്കു മാർക്ക് ലിസ്റ്റ് ലഭിച്ചതു നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) പരീക്ഷാ സോഫ്റ്റ്‌വെയറിലെ സാങ്കേതികപ്പിഴവു മൂലമാണെന്ന് റിപ്പോർട്ട്. എന്നാൽ, സോഫ്റ്റ്‌വെയറിലെ പിഴവു മൂലം ആർഷോയുടെ പേരു മാത്രം എങ്ങനെ ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന കാര്യം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ മാത്രമല്ല, 2021 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾ, നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവയിലെല്ലാം ആർഷോയുടെ പേരുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും മുൻപ് ഇത്രയും ഗുരുതരമായ പ്രശ്നം എന്തുകൊണ്ടു കണ്ടെത്താനായില്ലെന്നതിനും റിപ്പോർട്ടിൽ വിശദീകരണമില്ല. മഹാരാജാസ് പരീക്ഷാ കൺട്രോളർ 7നാണു പ്രിൻസിപ്പലിനു റിപ്പോർട്ട് കൈമാറിയത്.