കോതയാർ വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആന ആരോഗ്യവാനാണെന്നു തമിഴ്നാട് വനം വകുപ്പ്. ആവശ്യത്തിന് ആഹാരവും വെള്ളവും ആന കഴിക്കുന്നുണ്ട്. കളക്കാട്, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പു ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങിയ 6 സംഘങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
പൊതുജനങ്ങൾക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കളക്കാട് വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നുള്ള അരിക്കൊമ്പന്റെ പുതിയ ചിത്രവും വനംവകുപ്പു പുറത്തു വിട്ടു.
ആന കേരള അതിർത്തിയിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിലൊന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറാൻ കേരള വനം വകുപ്പ് തീരുമാനിച്ചു. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്നലിലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് ആന്റിനയിൽ. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.
മേഘമലയും ചുരുളിയും തുറന്നു
കുമളി ∙ തമിഴ്നാട്ടിൽ തേനി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മേഘമലയും ചുരുളിയും വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. അരിക്കൊമ്പന്റെ സാന്നിധ്യം മൂലം വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മൂന്നാറിനു സമാനമായ തേയിലത്തോട്ടങ്ങളും ഡാമുകളും ഉൾപ്പെട്ട മേഘമല വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിലൂടെ തേനി ചിന്നമന്നൂരിൽ എത്തി അവിടെ നിന്ന് 33 കിലോമീറ്റർ സഞ്ചരിച്ചാൽ മേഘമലയിലെത്താം. വൈകിട്ട് 6നു ശേഷം യാത്ര അനുവദിക്കില്ല. ചുരുളി വെള്ളച്ചാട്ടം കാണാൻ പോകുന്നവർ കമ്പത്തുനിന്ന് കെകെ പെട്ടി റോഡിലൂടെ പോകണം.