35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പ്രഫുൽ പട്ടേൽ, സുപ്രിയ സുളെ എൻസിപി വർക്കിങ് പ്രസിഡന്റുമാർ
Uncategorized

പ്രഫുൽ പട്ടേൽ, സുപ്രിയ സുളെ എൻസിപി വർക്കിങ് പ്രസിഡന്റുമാർ


ന്യൂഡൽഹി/മുംബൈ ∙ എൻസിപി വർക്കിങ് പ്രസിഡന്റുമാരായി രാജ്യസഭാംഗം പ്രഫുൽ പട്ടേൽ, ലോക്സഭാംഗവും മകളുമായ സുപ്രിള സുളെ എന്നിവരെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ നിയമിച്ചു. സുപ്രിയയെ എൻസിപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷയുമാക്കി.

പാർട്ടിയിൽ രണ്ടാമനാകാൻ നീക്കം നടത്തിയിരുന്ന സഹോദരപുത്രൻ അജിത് പവാറിനെ തഴഞ്ഞാണ് പവാറിന്റെ നടപടി. പാർട്ടിയുടെ 24–ാം സ്ഥാപകദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ, അജിത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. നിരാശനായി മാധ്യമങ്ങളോടു സംസാരിക്കാതെ സ്ഥലംവിട്ട അജിത്, പിന്നീട് ട്വിറ്ററിലൂടെ ഇരുവരെയും അഭിനന്ദിച്ചു.

മഹാരാഷ്ട്രയിൽ ബിജെപിയുമായി മുൻപ് കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച അജിത് ഭാവിയിൽ പാർട്ടിയുടെ തലപ്പത്ത് വരുന്നതു തടയാൻകൂടി ലക്ഷ്യമിട്ടാണു പവാറിന്റെ നീക്കം.

മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെയും ലോക്‌സഭ, വനിത, യുവജന, വിദ്യാർഥി വിഭാഗങ്ങളുടെയും ചുതലയാണു സുപ്രിയയ്ക്കു നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ ചുമതലയുള്ളതിനാൽ, സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങൾ സുപ്രിയയോടായിരിക്കും അജിത് റിപ്പോർട്ട് ചെയ്യേണ്ടി വരിക. രാജ്യസഭയിലെ പാർട്ടി കാര്യങ്ങൾക്കു പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ചുമതല പ്രഫുലിനു ലഭിച്ചു.

മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനൊപ്പം മകൾ സുപ്രിയ സുളെയെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിയ ശരദ് പവാർ പാർട്ടിയിൽ തന്റെ പിൻഗാമി സുപ്രിയ ആയിരിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ദേശീയതലത്തിൽ അനുഭവപരിചയമുള്ള, മുൻ സിവിൽ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിനു വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയതിലൂടെ സീനിയോറിറ്റിയും മാനിച്ചിരിക്കുന്നു.

ദേശീയതലത്തിൽ വിവിധ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുനേതാക്കളും. സൗഹൃദങ്ങളും ബന്ധങ്ങളും കഠിനാധ്വാനവും സുപ്രിയയുടെ കരുത്താണ്. മികച്ച പാർലമെന്റേറിയനുളള അംഗീകാരം പലവട്ടം നേടി. അതേസമയം, തന്ത്രപരമായ നീക്കങ്ങളിലും മറ്റുള്ളവരെ ചൊൽപ്പടിക്കു നിർത്തുന്നതിലും അത്ര പോര. പ്രഫുൽ പട്ടേലിനെ ഒപ്പം നിർത്തുന്നതിലൂടെ ഈ കുറവ് മറികടക്കാനാകും.

ദേശീയതലത്തിൽ സുപ്രധാന പദവികൾ ലക്ഷ്യമിടാത്ത അജിത് മഹാരാഷ്ട്രയിൽ പാർട്ടിയുടെ ചുക്കാൻ തനിക്കു വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ്. അഖിലേന്ത്യാതലത്തിൽ പ്രവർത്തിച്ചുള്ള പരിചയവുമില്ല. എന്നാൽ, മഹാരാഷ്ട്രയിൽ ശരദ് പവാർ കഴിഞ്ഞാൽ ഏറ്റവും ജനബന്ധമുള്ള നേതാവാണ്.

ബിജെപിയുമായി എൻസിപി കൈകോർക്കുന്നതിനെ നേരത്തെ പിന്തുണച്ചിട്ടുള്ള നേതാക്കളാണ് പ്രഫുൽ പട്ടേലും അജിത് പവാറും. ഇരുവരും അഴിമതി ആരോപണങ്ങൾ നേരിടുന്നുമുണ്ട്.

Related posts

സ്കൂള്‍ കുട്ടികളുമായി വെള്ളക്കെട്ടിലൂടെ ജീപ്പിന്‍റെ അതിസാഹസിക യാത്ര

Aswathi Kottiyoor

അർജുൻ ദൗത്യം: ഷിരൂരിൽ വീണ്ടും തെരച്ചിൽ; ലോറിയുടെ സ്ഥാനം മാറിയോയെന്ന് കണ്ടെത്താൻ പരിശോധന

Aswathi Kottiyoor

താമസിക്കുന്ന സ്ഥലത്ത് മാത്രം അനുമതി; ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ

Aswathi Kottiyoor
WordPress Image Lightbox