ഇന്ത്യൻ നിർമിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു.
സ്വപ്നയുടെ കുറിപ്പിൽനിന്ന്:
കെ ഫോൺ- ആരായിരുന്നു ചെയർമാൻ? മില്യൻ ഡോളർ ചോദ്യമാണിത്. എന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തു. ആരാണ് വിനോദ്? കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് അദ്ദേഹം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘പിവി’ നിയമിച്ച, പിഡബ്ല്യുസിയിലെ ജോലിക്കാരാണു ഞങ്ങൾ. ഈ വിഷയം ഞാൻ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. മധുവിധുവും പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.