അമ്പായത്തോട്: വയനാട്, കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ -പാൽച്ചുരം-അമ്പായത്തോട് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്ത് ദിവസങ്ങൾക്കകം തകർന്ന് വിള്ളലുകൾ രൂപപ്പെട്ട് തുടങ്ങി. നിർമാണം പൂർത്തിയാക്കാതെ പാത തുറന്ന് കൊടുത്തതും, കോൺക്രീറ്റ് ചെയ്ത ശേഷം തുടർച്ചയായി ഭാരവാഹനങ്ങൾ ഉൾപ്പെടെ ഓടിത്തുടങ്ങിയതുമാണ് തകർച്ചക്ക് ആക്കം കൂട്ടിയത്.മെയ് 15നാണ് അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചത്.
തുടർന്ന് തിരക്കിട്ട അറ്റകുറ്റപ്പണികൾ ഭാഗികമായി നടത്തിയ ഉടൻ പാത ജൂൺ ഒന്നിന് ഉൽസവാരംഭത്തിൽ തുറക്കൂ യായിരുന്നു. ചെകുത്താൻ തോടിന് സമീപം ഇന്റർലോക്ക് നടത്തിയതിനോട് ബന്ധിക്കുന്ന കോൺക്രീറ്റാണ് നിലവിൽ തകർന്ന് തുടങ്ങിയത്.കൂടാതെ പാതയുടെ അറ്റകുറ്റ പ്പണികൾ നടത്തിയ ഭാഗങ്ങളിലെ ഉപരിതലവും തകർന്ന് പൊടിപടലമായതോടെ ചെറു വാഹനങ്ങളിലെ യാത്രക്കാരുടെ നെഞ്ചിടിപ്പേറി. ചുരം പാതയുടെ കുഴികൾ അടച്ചിട്ടുണ്ടെങ്കിലും റീടാറിങ് നടത്തിയിട്ടില്ല. പ്രവൃത്തി പൂർത്തിയാകാതെയാണ് റോഡ് കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നത്.കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രവൃത്തി പൂർത്തീകരിക്കാനാണ് റോഡ് ഗതാഗതം നിരോധിച്ച് പൂർണമായും അടച്ചിട്ടത്. അറ്റകുറ്റപണികൾ പൂർത്തിയാക്കാത്തതിനാൽ റോഡരികിൽ ഇറക്കിയ കല്ലും മറ്റ് നിർമാണ സാമഗ്രികളും മൂലം മഴവെള്ളം കുത്തിയൊലിച്ചും ഗതാഗത തടസ്സവുമുണ്ട്.