സംസ്ഥാനത്തെ ഇരുപതിനായിരത്തിൽ പരം തദ്ദേശ സ്ഥാപന പ്രതിനിധികളോട് ഈ മാസം 20നകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സമർപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. സ്വത്തുവിവരം സമർപ്പിച്ച ശേഷം, കൂടുതലായി സ്വത്ത് ആർജിച്ചാലോ കയ്യൊഴിഞ്ഞാലോ ബാധ്യതപ്പെടുത്തിയാലോ അക്കാര്യം മൂന്നു മാസത്തിനകം വീണ്ടും അറിയിക്കണം. സ്വത്ത്, ബാധ്യത വിവരങ്ങൾ അറിയിക്കേണ്ട അധികാരപ്പെട്ട ഉദ്യോഗസ്ഥരെ (കോംപിറ്റന്റ് അതോറിറ്റി) നിശ്ചയിച്ചു സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചു. 30 മാസം പൂർത്തിയാക്കിയ ജനപ്രതിനിധികളോടാണു സ്വത്തുവിവരം ആവശ്യപ്പെട്ടിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ ജില്ലയിലെ തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് ജോയിന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് തദ്ദേശ വകുപ്പ് (റൂറൽ) ഡയറക്ടർ എന്നിവരാണ് കോംപിറ്റന്റ് അതോറിറ്റി. നഗരസഭകളിലെയും കോർപറേഷനുകളിലെയും ജനപ്രതിനിധികളുടെ കാര്യത്തിലെ അതോറിറ്റി തദ്ദേശ വകുപ്പ് (അർബൻ) ഡയറക്ടറാണ്. തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ നടപടി സ്വീകരിക്കും. നിശ്ചിത തീയതിക്കകം സമർപ്പിച്ചില്ലെങ്കിൽ ജനപ്രതിനിധിയെ കമ്മിഷന് അയോഗ്യനാക്കാൻ വരെ സാധിക്കും. സ്റ്റേറ്റ്മെന്റ് അതോറിറ്റികളുടെ ഓഫിസിൽ സൂക്ഷിക്കണമെന്നും നൽകാത്തവരുടെ പേരുവിവരം അറിയിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
previous post