24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തീപാറും കലാശപ്പോര്! ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം.
Uncategorized

തീപാറും കലാശപ്പോര്! ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം.

ഓവല്‍: രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ക്രിക്കറ്റ് ലോകം ഇതാ മറ്റൊരു ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നു. കലാശപ്പോര് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യവുമായി കോടിക്കണക്കിന് ആരാധകരുടെ പിന്തുണയുമായി ടീം ഇന്ത്യ ഇറങ്ങുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യ കിരീടത്തില്‍ക്കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി്ക്ക് മത്സരം ആരംഭിക്കും.രണ്ട് വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിലെത്തിയത്. ഓസീസ് 19 ടെസ്റ്റുകളില്‍ 11 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഇന്ത്യ 18-ല്‍ പത്തുമത്സരം വിജയിച്ച് കലാശപ്പോരിന് യോഗ്യത നേടി. നിലവിലെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ് ഇന്ത്യ. കടലാസിലെ കണക്കില്‍ ഇന്ത്യയെക്കാള്‍ ഓസ്‌ട്രേലിയയ്ക്കാണ് ക്രിക്കറ്റ് പണ്ഡിതര്‍ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ സമീപകാലത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. പക്ഷേ ഇംഗ്ലണ്ടിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുമെന്നത് കണ്ടുതന്നെ അറിയണം.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കരുത്തരായ താരങ്ങളെ ഇറക്കി ഇന്ത്യ കളിച്ചെങ്കിലും പരാജയം രുചിച്ചു. വിദേശ പിച്ചുകളിലെ താരങ്ങളുടെ പ്രകടനം എത്രത്തോളം വളരുമെന്ന് കണ്ടറിയണം. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം അത്ര മികച്ചതൊന്നുമല്ല. രോഹിത് ശര്‍മയ്ക്കാണ് നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ബാറ്റിങ് റെക്കോഡുള്ളത്. 44.56 ആണ് രോഹിത്തിന്റെ ഇംഗ്ലണ്ടിലെ ബാറ്റിങ് ശരാശരി. വിരാട് കോലിയ്ക്ക് 33.65 ഉം രഹാനെയ്ക്ക് 31 ഉം ആണ് ശരാശരി. 29.60 ആണ് പൂജാരയുടെ ശരാശരി. ഇംഗ്ലണ്ടില്‍ രണ്ട് മത്സരം മാത്രം കളിച്ച ശുഭ്മാന്‍ ഗില്ലിനും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.അക്ഷറും സമീപകാലത്ത് അപാര ഫോമിലുമാണ്. അതുകൊണ്ടുതന്നെ ഈ മൂന്നുപേരില്‍ ആരെല്ലാം ടീമിലെത്തുമെന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ശ്രീകര്‍ ഭരതിന് നറുക്കുവീഴാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. പക്ഷേ ഋഷഭ് പന്തിന് പകരക്കാരനാകാന്‍ കിഷന് സാധിക്കും. ഇടംകൈയ്യന്‍ ബാറ്റര്‍മാരില്ലാത്ത ഇന്ത്യന്‍ ലൈനപ്പില്‍ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഐ.പി.എല്ലില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മഴ പ്രതികൂല ഘടകമായിരുന്നു. എന്നാല്‍ ഇത്തവണ മഴ ചതിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ആദ്യ മൂന്ന് ദിനങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയില്ല. നാല്, അഞ്ച് തീയ്യതികളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. മഴമൂലം കളി മുടങ്ങിയാല്‍ ജൂണ്‍ 12 റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഓവറുകള്‍ നഷ്ടപ്പെട്ടാല്‍ മാത്രമേ റിസര്‍വ് ഡേയിലേക്ക് കാര്യങ്ങള്‍ നീങ്ങൂ. നഷ്ടപ്പെട്ട ഓവറുകള്‍ നിശ്ചയിക്കപ്പെട്ട ദിനങ്ങളില്‍ ക്രമീകരിച്ച് എറിയാന്‍ സാധിച്ചാല്‍ റിസര്‍വ് ദിനം ഉപയോഗിക്കില്ല. മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.ടോസ് ഓവലില്‍ നിര്‍ണായക ഘടകമാണ്. 104 മത്സരങ്ങളാണ് ഇവിടെ ആകെ നടന്നത്. അതില്‍ 88 തവണയും ടോസ് നേടിയവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. 38 മത്സരങ്ങളില്‍ ബാറ്റിങ് തിരഞ്ഞെടുത്തവര്‍ വിജയിച്ചു. 29 തവണ ടീമുകള്‍ ചേസ് ചെയ്ത് വിജയം നേടി. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയശേഷം ഒരു ഐ.സി.സി മേജര്‍ കിരീടം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. 2014 ട്വന്റി 20 ലോകകപ്പിലും 2017 ചാമ്പ്യന്‍സ് ട്രോഫിയിലും കഴിഞ്ഞ തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ആ ദൗര്‍ഭാഗ്യം മാറ്റിയെടുക്കാനാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ശ്രമം.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, മുകേഷ് കുമാര്‍

ടീം ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബൂഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് ഹാരിസ്, മാറ്റ് റെന്‍ഷോ, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, മൈക്കിള്‍ നെസെര്‍, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി.

Related posts

റാ​ഞ്ചി എ​മ​രി​റ്റ​സ് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ കാ​ലം ചെ​യ്തു

Aswathi Kottiyoor

ഓരോരുത്തര്‍ക്കും 4800 രൂപ ലഭിക്കും, രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്

Aswathi Kottiyoor

കേളകം പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിന്റെ പുതുവത്സര സമ്മാനം

Aswathi Kottiyoor
WordPress Image Lightbox