ആരോഗ്യ സ്ഥാപനങ്ങളില്‍ കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കികൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്‌തുകഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും പ്രത്യേക പരിപാടികളും ആരോഗ്യവകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനും ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പരിസ്ഥിതി ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. #BeatPlasticPollution എന്ന ക്യാമ്പയിനിലൂടെ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ തേടുകയും നടപ്പിലാക്കുകയും അവയെകുറിച്ചുള്ള ബോധവവല്‍ക്കരണവും ലക്ഷ്യമിട്ടുള്ളതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ദോഷകരമാണെന്നുള്ള കാര്യം ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മൈക്രോ പ്ലാസ്റ്റിക്കുകള്‍ ശ്വസിക്കുന്ന വായുവിലൂടെയും ചര്‍മത്തിലൂടെയും ആഗീരണം ചെയ്യപ്പെടുവാനും അങ്ങനെ ശരീരത്തില്‍ പ്രവേശിക്കുവാനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാനും ഇടയാക്കും. വന്ധ്യത, പൊണ്ണത്തടി, പ്രമേഹം, സ്‌തനാര്‍ബുദം, തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍, പ്രോസ്റ്റേറ്റ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു