21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വനംവകുപ്പ് സ്ഥലംമാറ്റപ്പട്ടിക ചോർന്നു; അന്വേഷണത്തിന് മന്ത്രിയുടെ ഓഫിസ്
Uncategorized

വനംവകുപ്പ് സ്ഥലംമാറ്റപ്പട്ടിക ചോർന്നു; അന്വേഷണത്തിന് മന്ത്രിയുടെ ഓഫിസ്

കോഴിക്കോട്∙ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടിക സർക്കാർ തീരുമാനമാകും മുൻപേ ചോർന്നു. 17 അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലംമാറ്റപ്പട്ടിക അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കി, വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നു. ഇതാണ് ചോർന്നത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തെത്തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് നിർദേശം നൽകി.
പട്ടികയുമായി മുന്നോട്ടു പോകാനാവില്ലെന്നും തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായാണ് വിലയിരുത്തൽ. മൂന്നു ദിവസം മുൻപ് സ്ഥലംമാറ്റം സംബന്ധിച്ച് മന്ത്രിയുടെ ഓഫിസിൽ പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയോടുകൂടി അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ ഉത്തരവ് ഇറക്കാൻ നിർദേശിച്ചു. ഇതിനായി തയാറാക്കിയ പട്ടികയുടെ രണ്ടു പേജാണ് ചോർന്ന് ഡിഎഫ്ഒമാരുടെ വാട്സാപ്പിൽ ലഭിച്ചത്.

സ്ഥലംമാറ്റപ്പട്ടിക പാടേ അട്ടിമറിക്കാൻ ഉദ്ദേശിച്ചാണ് ചോർത്തൽ എന്നാണ് വിലയിരുത്തൽ. ദിവസങ്ങളായി തലസ്ഥാനത്തു തങ്ങി, സ്ഥലംമാറ്റം നേടിയെടുക്കാൻ ചില ഡിഎഫ്ഒമാർ ശ്രമിച്ചിരുന്നു. വൻതോതിൽ പിരിവും ഇതിന്റെ പേരിൽ നടന്നതായി ആരോപണമുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൂട്ടത്തിൽ ചിലർ പട്ടികയിൽ ഇടംപിടിച്ചത്. ഇങ്ങനെ ഇടം കിട്ടിയവർക്ക് ‘പണി’ കൊടുക്കാൻ കരുതിക്കൂട്ടി പട്ടിക ചോർത്തിയതാവാം എന്ന നിഗമനത്തിലാണ് ഉന്നതർ.

പട്ടികയുടെ രണ്ട് പേജ് മേശപ്പുറത്ത് വച്ച് ഫോട്ടോ എടുത്തതാണ് പുറത്തുവന്നിരിക്കുന്നത്. അവ്യക്തമാണെങ്കിലും പേരുകൾ വായിച്ചെടുക്കാം. മൂന്നാം പേജിൽ എപിസിസിഎഫിന്റെ ഒപ്പും ഉണ്ട്. ‘മേൽപറഞ്ഞ പട്ടിക അതേപടി അംഗീകരിച്ച് ഉത്തരവാകണം’ എന്ന ശുപാർശയും എഴുതിയിരിക്കുന്നു. എപിസിസിഎഫിന്റെ ഓഫിസിൽ നിന്നു തന്നെയാകാം പട്ടിക ചോർന്നത് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ തീരുമാനം ആകും മുൻപ് പട്ടിക പുറത്തു വരുന്നത്.

Related posts

സിപിഐ എറണാകുളത്തെ വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

Aswathi Kottiyoor

“ശലഭോദ്യാനം” നാടിന് സമർപ്പിച്ചു

Aswathi Kottiyoor

‘മുഖ്യമന്ത്രി കാണാതെ ഇന്‍റലിജൻസ് റിപ്പോര്‍ട്ട് പൂഴ്ത്തി’; എഡിജിപിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി വി അൻവർ

Aswathi Kottiyoor
WordPress Image Lightbox