വില്ലേജ് ഓഫിസുകളിലെ പ്രവർത്തനം സുതാര്യമാക്കാനും ക്രമക്കേടുകള്‍ കണ്ടെത്താനും സംസ്ഥാന വ്യാപകമായി ഒരുമാസം 500 വില്ലേജ് ഓഫിസുകളിലെങ്കിലും തുടര്‍ പരിശോധന നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. റവന്യൂമന്ത്രിയെ കൂടാതെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ല കലക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ പരിശോധനക്ക് നേരിട്ടിറങ്ങും. മൂന്നുമാസത്തിലൊരിക്കലെങ്കിലും എല്ലാ വില്ലേജ് ഓഫിസുകളിലും പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് ജില്ലയിലെ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ കൈക്കൂലി വാങ്ങിയതിന് പിടിയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച മൂന്നുദിവസം റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍പരിശോധനക്ക് ബുധനാഴ്ച ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുകയായിരുന്നു. റിപ്പോര്‍ട്ട് ക്രോഡീകരിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്രമക്കേടിന് പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി ശിക്ഷാനടപടികള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചിന് വൈകീട്ട് മൂന്നിന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാൻ റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്