ന്യൂഡൽഹി∙ നീതി നിഷേധത്തിനെതിരെ മെഡലുകൾ ഗംഗയിലൊഴുക്കാൻ ഗുസ്തി താരങ്ങൾ ഒരുങ്ങിയപ്പോൾ താരങ്ങൾക്ക് പിന്തുണയുമായി വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും ഉയർന്നത്. മെഡലുകൾ നെഞ്ചോട് ചേർത്ത് ബജ്റംഗ് പുനിയയും സംഘവും ഹരിദ്വാറിൽ നിൽക്കുമ്പോൾ സമവായശ്രമം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും.
ഒടുവിൽ കർഷക നേതാക്കളുടെ ഉൾപ്പെടെ വാക്കുകൾ സ്വീകരിച്ച് താരങ്ങൾ കടുത്ത നീക്കത്തിൽ നിന്ന് പിന്മാറി. രാജ്യത്തിന്റെ അഭിമാനം ഉയർത്തി നേടിയ മെഡലുകൾ താരങ്ങൾക്ക് ഗംഗയിൽ ഉപേക്ഷിക്കേണ്ടി വന്നാൽ ലോകത്തിന് മുന്നിൽ ഇന്ത്യക്ക് തല കുനിക്കേണ്ടി വരുമായിരുന്നു.
ഇതിനിടെ, സൗക്ഷി മാലിക്ക് തന്റെ ഷെൽഫിൽനിന്ന് മെഡലുകൾ ബാഗിലേക്കു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ പെൺമക്കൾ തോറ്റാൽ ഈ പ്രകൃതി നമ്മളോട് ഒരിക്കലും പൊറുക്കില്ലെന്നാണ് അതുൽ തൃപാഠി എന്ന ഐടി വിദഗ്ധൻ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത മെഡലുകൾ ഗംഗയിലെറിയേണ്ട അവസ്ഥയിലേക്ക് താരങ്ങളെ എത്തിക്കരുത് എന്ന പ്രതികരണങ്ങളാണ് ശക്തമാവുന്നത്