തിരുവനന്തപുരം ∙ വിഴിഞ്ഞം ആഴിമല കടലിൽ ഇന്നലെ രാത്രി കാണാതായ കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദി(മുത്തു –27)ന്റെ മൃതദേഹം കണ്ടെത്തി. അഞ്ചംഗ സംഘത്തോടൊപ്പമാണ് രാകേന്ദ് ആഴിമലയിലെത്തിയത്. രാകേന്ദിന് ഒപ്പം തിരയിൽപ്പെട്ട ബന്ധുവിനെ ഒപ്പമുള്ളവർ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഒപ്പം തിരയിൽപ്പെട്ട രാകേന്ദിന്റെ ഭാര്യാസഹോദരൻ മലയിൽ കീഴ് ശാന്തം മൂല കീഴേ പാറയിൽ വിളാകം വീട്ടിൽ കൊച്ചു എന്ന് വിളിക്കുന്ന അനിൽ കുമാറി(31)നെയാണ് ഒപ്പമുണ്ടായിരുന്ന പുല്ലുവിള സ്വദേശി വിഷ്ണു(27), കണ്ടല സ്വദേശികളായ സുജു(31), അനു(38) എന്നിവർ ചേർന്നു സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 7 ഓടെ ആഴിമല കാർ പാർക്കിങിന് താഴെയുള്ള കടലിലായിരുന്നു സംഭവം. നഗരത്തിലെ പന്തൽ പണി കഴിഞ്ഞ് ആഴിമലയിൽ എത്തിയതായിരുന്നു സംഘം. രാകേന്ദും, അനിലും മാത്രമാണ് കടൽക്കുളിക്ക് ഇറങ്ങിയത്. ശേഷിച്ചവർ കരയിലായിരുന്നു.
ഇവർ തിരയിൽപ്പെട്ടതോടെ കരയിലുണ്ടായിരുന്നവർ ചേർന്ന് ശ്രമപ്പെട്ടു രക്ഷപ്പെടുത്താൻ നോക്കി. ഇതിൽ അനിലിനെ മാത്രമാണ് കരയിലേക്ക് വലിച്ചു കയറ്റാനായതെന്ന് ഇവർ കോസ്റ്റൽ പൊലീസിനോട് പറഞ്ഞു. രാകേന്ദ് തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. സംഭവം ഏഴിനായിരുന്നുവെങ്കിലും പുറത്തറിഞ്ഞത് രണ്ടു മണിക്കൂർ വൈകി 8.30തോടെ. അതുവരെയും സംഘം ഭയന്നു മാറി നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എല്ലാപേരും ഈവന്റ് മാനേജ്മെന്റ് ജീവനക്കാർ ആയിരുന്നു. വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ കെ.പ്രദീപ്, എസ്ഐ എസ്.ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്റർസെപ്റ്റർ ബോട്ടിൽ തിരച്ചിൽ നടത്തിയത്.