ഇരിട്ടി: നീരെഴുന്നള്ളത്തിന് ശേഷം കൊട്ടിയൂർ വൈശാഖ മഹോത്തസവത്തിന് തുടക്കം കുറിച്ച് അക്കരെ സന്നിധിയിൽ നടക്കുന്ന പരമ പ്രധാനമായ ചടങ്ങായ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ഇതുമായി ബന്ധപ്പെട്ട വിവിധ മഠങ്ങളിൽ ആരംഭിച്ചു. പ്രാക്കൂഴം മുതലാണ് നെയ്യമൃത് വ്രതക്കാർ തങ്ങളുടെ വ്രതം ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിലെ വേറെവെപ്പിന് ശേഷം മൂന്നാം ഘട്ടമായ കലശം കുളിയും തുടർന്ന് മഠത്തിൽ കയറി കഠിന വ്രതത്തിലുമാണ് നെയ്യാട്ടത്തിനായി നെയ്യുമായി പോകുന്ന നെയ്യമൃത് സംഘങ്ങൾ.
തില്ലങ്കേരി ശിവക്ഷേത്രത്തോട് ചേർന്നുള്ള പനക്കാട്ട് നെയ്യമൃത് മഠത്തിൽ ഇക്കുറി കഠിനവ്രതം നോൽക്കുന്നത് 64 പേരാണ്. നെയ്യമൃത് മഠങ്ങളിൽ ഏറ്റവും അധികം വ്രതം നോൽക്കുന്നവരുള്ളത് ഈ മഠത്തിലാണ്. വിലങ്ങേരി പത്മനാഭൻ നമ്പ്യാരുടെ നേതൃത്വത്തിൽ ജൂൺ ഒന്നിന് പുലർച്ചെ ഇവർ നെയ്യുമായി കൊട്ടിയൂരിലേക്ക് പുറപ്പെടും.
നെയ്ക്കുടങ്ങൾ കെട്ടി ഒരുക്കുന്നതിനുള്ള കയർ പിരിച്ചുകെട്ടുന്ന ജോലിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ബുധനാഴ്ച വീടുകളിൽ നിന്നും വൃത്യനിഷ്ഠയോടെ തയാറാക്കിയ നെയ്യ് മഠങ്ങളിൽ എത്തിക്കും. അതിനുശേഷം നെയ്യ് നിറക്കാനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കയാണെന്ന് മഠത്തിൽ കഠിനവ്രതമാചരിക്കുന്ന വി.കെ. ധനരാജ് മാസ്റ്റർ പറഞ്ഞു.
ജൂൺ ഒന്നിന് വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെ കാല്നടയായി കൊട്ടിയൂരിലേക്ക് പുറപ്പെടുന്ന സംഘം ഉച്ചകഴിഞ്ഞ് 3 മണിയോടെ ഇക്കരെ കൊട്ടിയൂരിലെത്തും. വയനാട്ടിൽ മുതിരേരിയിൽ നിന്നുള്ള വാളും കുറ്റിയാടിയിൽ നിന്നുമുള്ള തീയും എത്തിയതിനു ശേഷം അക്കരെ സന്നിധിയിലെ മണിത്തറയിൽ ചോതിവിളക്ക് തെളിക്കും. ഇതിന് ശേഷമാണ് നെയ്യമൃത് സംഘങ്ങൾ അക്കരെ കടക്കുക. അഷ്ടബന്ധം കൊണ്ട് മൂടിയ സ്വയംഭൂവിലെ അഷ്ടബന്ധം മാറ്റുന്ന നാളം തുറക്കൽ ചടങ്ങിന് ശേഷമാണ് സ്വയംഭൂവിൽ നെയ്യാട്ടം നടക്കുക.