ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. രാവിലെ 9.15 ഓടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകള്‍ തയാറാക്കിയത് വെള്ളായണി അര്‍ജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാര ജേതാവുമാണ്.
1933 ഫെബ്രുവരി 10നാണ് വെള്ളായണി അര്‍ജുനന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എം എ മലയാളം എടുത്ത ശേഷമാണ് അദ്ദേഹം കൊല്ലം ശ്രീനാരായണ കോളജില്‍ മലയാള ഭാഷാ അധ്യാപകനായത്. ശൂരനാട് കുഞ്ഞന്‍പിള്ളയാണ് അധ്യാപകവൃത്തിയിലേക്ക് അര്‍ജുനനെ കൈപിടിച്ച് കയറ്റുന്നത്. പ്രൈവറ്റായി ഹിന്ദി പഠിച്ചാണ് അദ്ദേഹം ഹിന്ദി എം എ നേടിയെടുക്കുന്നത്.
ഇതിന് ശേഷമാണ് അദ്ദേഹം അലിഗഡ് സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായി എത്തുന്നത്. അലിഗഡിലെ ആദ്യ മലയാള അധ്യാപകന്‍ എന്ന പ്രത്യേകത കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്‍പത് വര്‍ഷക്കാലമാണ് അദ്ദേഹം അലിഗഡില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചത്.