കമ്പം ∙ അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങി ആക്രമണം നടത്തിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. നിലവില്‍ കൊമ്പന്‍ ഷണ്‍മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുകയാണ്. കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പൻ തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.
അരിക്കൊമ്പനെ പിടികൂടാൻ തിരുവല്ലിപുത്തൂർ മേഘമല കടുവസങ്കേതത്തിലെ ഫീൽഡ് ഡയറക്ടറുടെ നേതൃത്വത്തിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ഷണ്മുഖനാഥൻ ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പൻ ഉൾവനത്തിലേക്കു കടന്നെന്നാണു തമിഴ്നാട് വനംവകുപ്പ് പറയുന്നത്.
പ്രദേശത്തു ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു. അണക്കെട്ടിന് എതിർവശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂർത്തിയാക്കി. എന്നാൽ ആന ഉൾക്കാട്ടിൽത്തന്നെ നിലയുറപ്പിച്ചു. ഉൾക്കാട്ടിലായതിനാൽ അരിക്കൊമ്പന്റെ റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ട്.