‘വീട് പണി നടത്തണം, മക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യണം, കൊപ്ര ബിസിനസ് നന്നാക്കിയെടുക്കണം’, 2017 ല്‍ 10 കോടി രൂപ ഓണം ബംപര്‍ അടിച്ചതിന് തൊട്ട് പിന്നാലെ പരപ്പനങ്ങാടി ചുഴലിയിലെ മട്ടത്തറമ്മല്‍ മുസ്തഫ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.തുക എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് രണ്ടാമത് ഒന്ന് ചിന്തിക്കാതെ പോലുമായിരുന്നു മുസ്തഫയുടെ ഈ മറുപടി.
ഒരൊറ്റ ലോട്ടറിയോടെ ബാധ്യതകള്‍ എല്ലാം തീര്‍ത്ത് സന്തോഷകരമായൊരു ജീവിതം മുസ്തഫ സ്വപ്നം കണ്ടു. എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിക്കാന്‍ വീടിന്റെ വാതിലും ജനലും വില്‍ക്കുകയാണ് ഇപ്പോള്‍ മുസ്തഫ.
കൊപ്ര കച്ചവടം സാമ്ബത്തികമായി തകര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു 2017 ലെ ഓണം ബംപര്‍ മുസ്തഫയെ തേടിയെത്തിയത്. 1000 രൂപയ്ക്കെടുത്ത നാല് ടിക്കറ്റില്‍ ഒന്നിനായിരുന്നു സമ്മാനം അടിച്ചത്. സംസ്ഥാന ലോട്ടറിയുടെചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ സമ്മാനമായിരുന്നു 10 കോടി. അതുകൊണ്ട് തന്നെ മുസ്തഫയോളം ഭാഗ്യം ആര്‍ക്കാണ് ഉള്ളതെന്ന് കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ചു.
എന്തായാലും ഈ പത്ത് കോടി കൊണ്ടൊന്നും മുസ്തഫയുടെ ഭാഗ്യം അവസാനിച്ചില്ല. പലപ്പോഴായി 25 ലക്ഷവും അഞ്ച് ലക്ഷവും ഒരു ലക്ഷവുമെല്ലാം മുസ്തഫയ്ക്ക് ലോട്ടറി അടിച്ചു. എന്നാല്‍ ഇത്രയും ലോട്ടറി അടിച്ചിട്ടും മുസ്തഫയുടെ ജീവിതത്തില്‍ മാത്രം ഭാഗ്യം സംഭവിച്ചില്ല. ഇന്നിപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വീട്ടിലെ സാധനങ്ങള്‍ പോലും വിറ്റ് ജീവിക്കുകയാണ് മുസ്തഫ.
കേള്‍ക്കുന്നവര്‍ക്ക് അമ്ബരപ്പ് തോന്നുമെങ്കിലും തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം താൻ അല്ലെന്നാണ് മുസ്തഫ പറയുന്നത്. ‘തന്റെ പൈസ പോയിട്ടില്ല, ലോട്ടറി കിട്ടിയപ്പോള്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമെല്ലാം ഞാൻ പണം കൊടുത്തു, മൊതലൊക്കെ അവര്‍ എടുത്തു’, മുസ്തഫ മനോരമ ന്യൂസിനോട് പറഞ്ഞു.തന്റെ വീട്ടിലെ ആറ് മുറിയിലും എസിയും വലിയ അലമാരയും നിറയെ ഫര്‍ണിച്ചറുകളുമൊക്കെ ഉണ്ടായിരുന്നുവെന്നും അതെല്ലാം പോയെന്നും കൈയ്യില്‍ പൈസ ഇല്ലാതായതോടെ അവയെല്ലാം വില്‍ക്കേണ്ടി വന്നുവെന്നും മുസ്തഫ പറയുന്നു. 10 കോടിക്ക് പിന്നാലെ തനിക്ക് 25 ലക്ഷത്തിൻറെയൊക്കെ ലോട്ടറി അടിച്ചിരുന്നു. അപ്പോള്‍ തനിക്കൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു. അതിന് ശേഷം അവര്‍ പോയി’, മുസ്തഫ പറയുന്നു.
എങ്ങനെയാണ് ഇത്രയും നഷ്ടം ഉണ്ടായതെന്നും ആരെങ്കിലും പണം ഇരട്ടിപ്പിക്കാമെന്ന് മോഹിച്ച് വന്നിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുസ്തഫയുടെ മറുപടി. ആരും വന്നില്ലെന്ന് മാത്രമല്ല താൻ അതിന് നിന്ന് കൊടുക്കുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവുമായുള്ള മുസ്തഫയുടെ പ്രശ്നം എന്താണെന്നോ അദ്ദേഹത്തിന് ഇത്രയും തുക നഷ്ടപ്പെടാൻ കാരണമെന്തെന്നോ അദ്ദേഹം പറഞ്ഞില്ല. മുസ്തഫയുടെ കുടുംബത്തിന്റെ ഭാഗവും എന്താണെന്ന് വ്യക്തമല്ല. എന്തായാലും കോടികള്‍ ലോട്ടറി അടിച്ചത് കൊണ്ട് മാത്രം ഒരാളുടെ ജീവിതം രക്ഷപ്പെടണമെന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുസ്തഫയുടെ ജീവിതം. ലോട്ടറി അടിക്കുന്ന തുക കൃത്യമായി വിനിയോഗിക്കാൻ അറിഞ്ഞില്ലെങ്കില്‍ മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ തിരിച്ചടി നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.