പാലക്കാട്: ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ പ്രതികളായ ഫർഹാന, ഷിബിലി എന്നിവരുമായി അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പ് തുടങ്ങി. ഒൻപതാം വളവിന് താഴെയാണ് തെളിവെടുപ്പ്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ ഫോൺ പൊലീസ് കണ്ടെടുത്തു. മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞത് എന്നും പ്രതികൾ വിശദീകരിച്ചു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ സിദ്ദിഖിന്‍റെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ കാറുപേക്ഷിച്ച പറമ്പിന് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി വെട്ടി നുറുക്കിയശേഷം മൃതദേഹമടങ്ങിയ സൂട്ട്കേസുകളുമായി പ്രതികള്‍ അട്ടപ്പാടിയിലേക്കാണ് പോയത്. മൃതദേഹം ഉപേക്ഷിച്ചശേഷം ഫര്‍ഹാനയെ വീട്ടിലാക്കിയ ഷിബിലി കാറുപേക്ഷിക്കാനെത്തിയത് ചെറുതുരുത്തിയിലായിരുന്നു. വെട്ടിക്കാട്ടിരി താഴപ്ര തെക്കേക്കുന്ന് പ്രദേശം നേരത്തെ ഷിബിലിക്ക് പരിചയമുണ്ടായിരുന്നു. ഷിബിലിയുടെ സുഹൃത്തായ റഷീദിന്‍റെ പരിചയക്കാരി ഇവിടെയാണ് താമസിച്ചിരുന്നത്. താന്‍ അടുത്തിടെ വാങ്ങിയ വാഹനമാണെന്നും ചില സാമ്പത്തിക ബാധ്യതകളുണ്ടെന്നും പറഞ്ഞാണ് തൊട്ടടുത്ത പറമ്പില്‍ വാഹനം കൊണ്ടുചെന്നിട്ടു. കൃത്യം നടത്തിയശേഷം വാഹനത്തില്‍ അവശേഷിച്ച തെളിവുകള്‍ ഒരു കവറിലാക്കി തൊട്ടടുത്ത പൊട്ടക്കിണറില്‍ തള്ളുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
ഹണി ട്രാപ്പിനിടെയായിരുന്നു സിദ്ദിഖിന്‍റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ് സിദ്ദിഖിന്‍റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്.