ന്യൂഡല്‍ഹി: പതിനാറുകാരിയുടെ അരുംകൊലയില്‍ പ്രതി പിടിയിലായത് പിതാവിനെ ഫോണില്‍ വിളിച്ചതിന് പിന്നാലെയെന്ന് പോലീസ്. ഷഹബാദ് ഡയറിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഹിലിനെയാണ് ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്കാണ് പോയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് സഹില്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇതിനിടെ പ്രതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നു. ഇതോടെ പോലീസ് മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സഹില്‍ ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഡല്‍ഹിയില്‍നിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സഹില്‍ 16-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഭിത്തിയില്‍ചേര്‍ത്തുനിര്‍ത്തി ഇരുപതിലേറെ തവണ കത്തി കൊണ്ട് കുത്തി. തലയിലും ചുമലിലും അടക്കമാണ് കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയില്‍ വലിയ കല്ല് കൊണ്ടിട്ട് പ്രതി മരണം ഉറപ്പാക്കി. ഇതിനുശേഷവും നിലത്തുകിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ചവിട്ടുന്നതും കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് 20-കാരനായ പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഏറെ ഞെട്ടിക്കുന്ന സംഭവം. നടുക്കുന്ന കൃത്യം കണ്മുന്നില്‍ കണ്ടിട്ടും ആരും സംഭവത്തില്‍ ഇടപെടാനോ അക്രമിയെ പിന്തിരിപ്പിക്കാനോ ശ്രമിച്ച. ഒരാള്‍ മാത്രമാണ് അക്രമിയെ പിന്തിരിപ്പിക്കാന്‍ ചെറിയശ്രമമെങ്കിലും നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മറ്റുള്ളവരെല്ലാം സംഭവം നോക്കി അതിനരികിലൂടെ നടന്നുപോവുകയായിരുന്നു.
കല്ല് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയോട്ടി തകര്‍ന്നതായാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി തവണ കുത്തേറ്റതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.