തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി സമയത്ത് ലഭിക്കാത്തതിനാൽ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു.
സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയിൽ അനുഗമിക്കുന്നുണ്ട്.
ക്യൂബ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കും. 12–ാം തീയതിയാണ് ലോക ബാങ്ക് പ്രതിനിധികളുമായുള്ള ചർച്ച. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോകകേരള സഭയുടെ സമ്മേളനത്തിൽ നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും പങ്കെടുക്കും. മുഖ്യമന്ത്രി മേയ് 7 മുതൽ 11 വരെ നടത്താനിരുന്ന യുഎഇ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് കേന്ദ്രം സർക്കാരിനെ അറിയിച്ചത്.